‘ആദ്യം ആധാർ’ സമഗ്ര ആധാർ എൻറോൾമെന്റ്‌ യജ്ഞം; ആദ്യ ഘട്ട ക്യാമ്പുകൾ അടുത്ത വാരംകോഴിക്കോട് :ജില്ലയിലെ മുഴുവൻ ആളുകൾക്കും ആധാർ സേവനങ്ങൾ ഉറപ്പ്‌ വരുത്തുന്നതിന്‌ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘ആദ്യം ആധാർ’ സമഗ്ര ആധാർ എൻറോൾമെന്റ്‌ ക്യാമ്പയിന്‌ മികച്ച പ്രതികരണം. ഐ.ടി. മിഷൻ, വനിതാ ശിശു വികസന വകുപ്പ്, നാഷ്നൽ ഹെൽത്ത് മിഷൻ, തദ്ദേശ സ്ഥാപനങ്ങൾ, അക്ഷയ കേന്ദ്രങ്ങൾ, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തിൽ ജില്ലാ കലക്ടറുടെ നേരിട്ട മേൽനോട്ടത്തിലാണ്‌ പദ്ധതി നടപ്പിലാക്കുന്നത്.
ആധാർ എടുത്തിട്ടില്ലാത്ത 0 മുതൽ 5 വയസ്സ്‌ വരെയുള്ള കുട്ടികളെയാണ്‌ പ്രാഥമിക ഘട്ടത്തിൽ കേന്ദ്രീകരിക്കുന്നത്‌. അംഗൻവാടി, വാർഡ്‌ തലങ്ങളിൽ ആശാവർക്കർമാർ, അംഗൻവാടി വർക്കർമാർ നടത്തുന്ന രജിസ്ട്രേഷൻ അര ലക്ഷം കടന്നു. 

സംസ്ഥാനത്തെ തന്നെ ഏറ്റവും വിപുലമായ ആധാർ എൻറോൾമെന്റ്‌ ക്യാമ്പയിനാണ്‌ ജില്ലയിൽ ഒരുങ്ങുന്നത്‌. ആദ്യ ഘട്ടത്തിൽ അടുത്ത വാരം ജില്ലയിലുടനീളം തദ്ദേശ കേന്ദ്രങ്ങളിലായി 300 ഓളം ക്യാമ്പുകളാണ്‌ സജ്ജമാക്കുന്നത്‌. പ്രതിദിനം 20,000 ത്തോളം പേരെ എൻറോൾ ചെയ്യാനാവുന്ന വിപുലമായ സജ്ജീകരണങ്ങളാണ്‌ ഒരുക്കുന്നത്.  ഓരോ വാർഡ്‌ പരിധിയിലെയും ആധാർ എൻറോൾമെന്റ് പൂർത്തിയാക്കാത്ത കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്തി വാർഡുകൾ സംയോജിപ്പിച്ച് ക്ലസ്റ്ററുകളാക്കിയാണ്‌ ക്യാമ്പ് കേന്ദ്രങ്ങൾ നിശ്ചയിക്കുന്നത്. ആകെ യജ്ഞത്തിന്റെ ഭാഗമായി ഒന്നരലക്ഷം പേരെ ഭാഗമാക്കാനാണ്‌ ഭരണകൂടം ലക്ഷ്യം വെക്കുന്നത്. 


പദ്ധതി ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്‌ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ജില്ലാതലത്തിൽ ഓൺലൈൻ യോഗം ചേർന്നു. പദ്ധതി വിജയത്തിന്‌ വകുപ്പുകൾ കൂട്ടായി പ്രയത്നിക്കണമെന്നും ജില്ലയിലെ ജനപ്രതിനിധികൾ, വിവിധ തല ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും സഹകരണയും പിന്തുണയും തേടണമെന്നും കലക്ടർ പറഞ്ഞു. 

യോഗത്തിൽ അക്ഷയ കോർഡിനേറ്റർമാർ, ജില്ലാ വനിത ശിശു വികസന വകുപ്പ് ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ ഐ.ടി. മിഷൻ പ്രൊജക്ട് മാനേജർ, നാഷ്ണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രൊജക്ട് മാനേജർ, ജില്ലാ ശിശുവികസന പദ്ധതി ഓഫീസർമാർ, ഐ.സി.ഡി.എസ്‌. കോർഡിനേറ്റർമാർ, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ പങ്കെടുത്തു.

aadyam aadhaar

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post