വിമാനത്താവളത്തിന് ഭൂമിയേറ്റെടുക്കൽ: അന്തിമ വിജ്ഞാപനം പുറത്തിറക്കി



കരിപ്പൂർ :കോഴിക്കോട് വിമാനത്താവള വികസനത്തിനു ഭൂമിയേറ്റെടുക്കുന്നതിന്റെ ഭാഗമായി അന്തിമ വിജ്ഞാപനം ഇന്നലെ പുറത്തിറക്കി. പ്രാഥമിക വിജ്ഞാപനം നേരത്തേ ഉണ്ടായിരുന്നു. നെടിയിരുപ്പ് വില്ലേജിൽ 54 ഭൂവുടമകളും പള്ളിക്കലിൽ 26 ഭൂവുടമകളുമാണുള്ളത്. നെടിയിരുപ്പ് വില്ലേജിൽനിന്ന് ഏഴര ഏക്കറും പള്ളിക്കൽ പഞ്ചായത്തിൽനിന്ന് 7 ഏക്കറും ഉൾപ്പെടെ 14.5 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. അതിനായി വിവരശേഖരണം പൂർത്തിയാക്കിയിരുന്നു.
തുടർനടപടിയുടെ ഭാഗമായി, ഓരോരുത്തർക്കും നഷ്ടപ്പെടുന്ന ഭൂമിയുടെയും വീടിന്റെയും മറ്റും നഷ്ടം കണക്കാക്കി നഷ്ടപരിഹാരത്തുക അറിയിക്കുന്നതിനായി രേഖകൾ സഹിതം ഹാജരാകാൻ ഭൂവുടമകൾക്കു നോട്ടിസ് അയച്ചിരുന്നു. അതനുസരിച്ച് ഇന്നലെ വിമാനത്താവളത്തിലെ ഭൂമിയേറ്റെടുക്കൽ വിഭാഗം ഓഫിസിൽ ഭൂവുടമകളുടെ രേഖകൾ പരിശോധിച്ചുതുടങ്ങി. 9 ഉടമകൾ ഹാജരായി. പള്ളിക്കൽ വില്ലേജിലെ 3 ഭൂവുടമകളും നെടിയിരുപ്പ് വില്ലേജിലെ 6 ഭൂവുടമകളുമാണ് ഇന്നലെ എത്തിയത്. 

ഇന്നും രേഖകളുടെ പരിശോധന നടക്കുന്നുണ്ട്.അതേസമയം, നെടിയിരുപ്പ് വില്ലേജിൽ ഏറ്റെടുക്കുന്ന സ്ഥലത്തു ശേഷിക്കുന്നവർക്കു വഴി നഷ്ടപ്പെടുന്നതുമായും മറ്റും പരാതികളുണ്ട്. അവ ഏതു രീതിയിൽ പരിഹരിക്കാമെന്ന് ആലോചിക്കാൻ സംയുക്ത പരിശോധന വൈകാതെ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

Land acquisition for airport: Final notification issued
Previous Post Next Post