ബേപ്പൂര്‍ ഇന്റര്‍നാഷനല്‍ വാട്ടര്‍ ഫെസ്റ്റ് സീസണ്‍-3; ഡിസംബര്‍ 26 മുതല്‍ 29 വരെ



ബേപ്പൂര്‍: കരയിലും കടലിലും ഒരുപോലെ ആവേശം തീര്‍ക്കുന്ന നാല് ദിവസങ്ങൾ ബേപ്പൂരിനെ കാത്തിരിക്കുന്നു. സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തില്‍ കേരളത്തിന് ഇടം നേടിക്കൊടുത്ത ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ സീസണ്‍ മൂന്ന് ഡിസംബര്‍ 26ന് ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


29 ഡിസംബര്‍ വരെ നീളുന്ന മേളയില്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് ഇനങ്ങളും ഭക്ഷ്യമേളയും മറ്റു കലാപരിപാടികളും അരങ്ങേറും. ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വാട്ടര്‍ ഫെസ്റ്റും അനുബന്ധ പരിപാടികളും ബേപ്പൂരില്‍ ചാലിയാറിന്റെ തീരത്തും മറീന ബീച്ചിലും ചാലിയം, നല്ലൂര്‍, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലുമായാണ് നടക്കുക.
ജലമേള നടക്കുന്ന ദിനങ്ങളില്‍ പായ് വഞ്ചികളുടെ പടയോട്ടത്തിനാണ് ബേപ്പൂര്‍ സാക്ഷ്യം വഹിക്കുക. സിറ്റ് ഓണ്‍ ടോപ് കയാക്കിംഗ്, വൈറ്റ് വാട്ടര്‍ കയാക്കിംഗ്, ബാംബൂ റാഫ്റ്റിംഗ് തുടങ്ങിയ സാഹസിക ഇനങ്ങള്‍ക്ക് പുറമേ നാടന്‍ തോണികളുടെ തുഴച്ചില്‍ മത്സരങ്ങള്‍, വലവീശല്‍, ചൂണ്ടയിടല്‍ എന്നിവയും വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കും.

വിവിധ അസോസിയേഷനുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കോഴിക്കോടിന്റെ തനത് രുചി വിഭവങ്ങള്‍ അണിനിരത്തി സംഘടിപ്പിക്കുന്ന ഫുഡ് ഫെസ്റ്റിവലും മേളയുടെ ആകര്‍ഷണമാണ്. ബേപ്പൂര്‍ പാരിസണ്‍ ഗ്രൗണ്ടില്‍ ആണ് ഭക്ഷ്യ മേള ഒരുക്കുക.

അഞ്ച് രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ നടക്കുന്ന കൈറ്റ് ഫെസ്റ്റിവല്‍ ഇത്തവണത്തെ മേളയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. കഴിഞ്ഞ തവണയില്‍ നിന്നും വ്യത്യസ്തവും വിപുലമായ രീതിയിലാണ് ഇത്തവണ കൈറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

പ്രധാനമായി മൂന്ന് വേദികളിലാണ് ഇത്തവണ ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് നടക്കുക. ബേപ്പൂരില്‍ ജല കായിക പരിപാടികളും എല്ലാദിവസവും വൈകീട്ട് കലാ-സംഗീത പരിപാടികളും ഉണ്ടായിരിക്കും. അതോടൊപ്പം എല്ലാ ദിവസവും വെകുന്നേരങ്ങളില്‍ ചാലിയത്തും നല്ലൂരിലും കലാ-സംഗീത പരിപാടികള്‍ അരങ്ങേറും.

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിനൊപ്പം നല്ലൂരില്‍ അഞ്ച് ദിവസം നീളുന്ന റെസ്‌പോണ്‍സിബിള്‍ ടൂറിസം മേള, ഇന്റര്‍നാഷണല്‍ ടെക്സ്‌റ്റൈല്‍ ആര്‍ട്ട് ഫെസ്റ്റ് ആന്റ് ഫ്‌ളീ മാര്‍ക്കറ്റ് എന്നിവയും നടക്കുന്നുണ്ട്.


ജില്ലയുടെ ടൂറിസം രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിനുള്ള എല്ലാ ഒരുക്കങ്ങളും ഇതിനകം പൂര്‍ത്തിയായി. ലക്ഷക്കണക്കിന് സന്ദര്‍ശകരെ സ്വീകരിക്കുന്നതിനായി പഴുതടച്ച സുരക്ഷാ സംവിധാനങ്ങളും വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങളുമാണ് ഫെസ്റ്റിനായി അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.

ഉദ്ഘാടനം, പരിപാടികൾ

ഫെസ്റ്റിന്റെ ഭാഗമായി 24ന് രാവിലെ കോഴിക്കോട് ബീച്ചില്‍ നിന്ന് ബേപ്പൂരിലേക്ക് മിനി മാരത്തോണ്‍ സംഘടിപ്പിക്കും. 26ന് രാവിലെ ഏഴുമണിക്ക് കോഴിക്കോട് ബീച്ചില്‍ നിന്ന് ബേപ്പൂര്‍ ബീച്ചിലേക്ക് നടക്കുന്ന സൈക്കിള്‍ റാലിയോടെ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന് ഔപചാരികമായ തുടക്കമാകും. ഉച്ച 2 മുതല്‍ സിറ്റ് ഓണ്‍ ടോപ്പ് കയാക്ക് സിംഗിള്‍, ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റ്, സിറ്റ് ഓണ്‍ ടോപ്പ് കയാക്ക് ഡബിള്‍, പാരാമോട്ടറിങ്, ഫ്‌ളൈബോര്‍ഡ് ഡെമോ, റോവിംഗ് ഡെമോ, സര്‍ഫിംഗ് ഡെമോ, സീ റാഫ്റ്റിംഗ് ഡെമോ, വിന്റ് സര്‍ഫിംഗ് ഡെമോ എന്നിവ നടക്കും.

മൂന്നാമത് ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബര്‍ 26ന് വൈകിട്ട് 6.30ന് തുറമുഖം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അധ്യക്ഷതയില്‍ ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ബേപ്പൂര്‍ ബീച്ചില്‍ നിര്‍വഹിക്കും. തുടര്‍ന്ന് 7 മണിക്ക് ഹരിചരണ്‍ ബാന്റിന്റെ സംഗീത പരിപാടി ബേപ്പൂര്‍ ബീച്ചിലും തേജ് മെര്‍വിന്‍ & അന്‍വര്‍ സാദത്ത് ആന്റ് ടീം ഒരുക്കുന്ന എ ആര്‍ റഹ്‌മാന്‍ നൈറ്റ് ചാലിയം ബീച്ചിലും വയലി ബാംബൂ മ്യൂസിക് നല്ലൂരിലും അരങ്ങേറും.

രണ്ടാം ദിവസമായ ഡിസംബര്‍ 27ന് രാവിലെ 10 മുതല്‍ മത്സരങ്ങള്‍ക്കു തുടക്കമാവും. സ്റ്റാന്‍ഡ് അപ്പ് പാഡില്‍ റേസ്, സര്‍ഫ് സ്‌കി ഡെമോ, ഡിങ്കി ബോട്ട് റേസ്, ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റ്, വലയെറിയല്‍, ഫ്‌ളൈ ബോര്‍ഡ് ഡെമോ, ട്രഷറര്‍ ഹണ്ട്, പാരാമോട്ടോറിംഗ്, സര്‍ഫിംഗ് ഡെമോ, സെയിലിംഗ് റെഗാട്ട എന്നിവ നടക്കും.

വൈകീട്ട് 6 മുതല്‍ ബേപ്പൂര്‍ ബീച്ചില്‍ നേവി ബാന്റിന്റെ കണ്‍സേര്‍ട്ടും നല്ലൂരില്‍ ആര്‍മിയുടെ മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് ഷോയും അരങ്ങേറും. 7 മണി മുതല്‍ ബേപ്പൂര്‍ ബീച്ചില്‍ സിദ്ധാര്‍ത്ഥ് മേനോന്‍, നിത്യ മാമന്‍ തുടങ്ങിയവരുടെ സംഗീത പരിപാടിയും ചാലിയത്ത് നിഷാദ് ആന്റ് മൃദുല വാരിയര്‍ ടീമിന്റെ സംഗീത പരിപാടിയും നല്ലൂരില്‍ ആട്ടം കലാസമിതിയുടെയും തേക്കിന്‍കാട് ബാന്റിന്റെയും സംഗീത പരിപാടിയും നടക്കും.

മൂന്നാം ദിവസമായ ഡിസംബര്‍ 28ന് രാവിലെ 10 മുതല്‍ മത്സര ഇനങ്ങളായ ബാംബൂ റാഫ്റ്റിംഗ് റേസ്, സെയിലിംഗ് റഗാട്ട, കണ്‍ട്രി ബോട്ട് റേസ്, ഇന്റര്‍നാഷനല്‍ കൈറ്റ് ഫെസ്റ്റ്, ഫ്‌ളൈ ബോര്‍ഡ് ഡെമോ, ബോഡി ബോര്‍ഡ് ഡെമോ, പാരാ മോട്ടറിംഗ്, ആന്‍ഗ്ലിങ്, സര്‍ഫിങ് ഡെമോ, സീ കയാക്ക് റേസ് എന്നിവ നടക്കും.


വൈകീട്ട് 6 മുതല്‍ ബേപ്പൂര്‍ ബീച്ചില്‍ ആര്‍മിയുടെ മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് ഷോയും തുടര്‍ന്ന് 7 മണി മുതല്‍ ഉണ്ണിമേനോന്‍ ഷോയും അരങ്ങേറും. 7 മണി മുതല്‍ ചാലിയത്ത് അഫ്‌സല്‍ നൈറ്റ് സംഗീത പരിപാടിയും കോഴിക്കോട് ബീച്ചിലെ കള്‍ച്ചറല്‍ സ്റ്റേജില്‍ കിഷോര്‍ നൈറ്റും അരങ്ങേറും. നല്ലൂരില്‍ വൈകീട്ട് 5 മുതല്‍ ഹണി ഡ്രോപ്പ് ബാന്‍ഡ് ഷോ, പ്രദീപ് ഹുഡിനോയുടെ മാജിക് ഷോ എന്നിവ നടക്കും.

അവസാന ദിവസമായ ഡിസംബര്‍ 29ന് രാവിലെ 10 മുതല്‍ ഫൈബര്‍ കാനോയ് റേസ്, സെയിലിംഗ് റഗാട്ട, ഇന്റര്‍നാഷനല്‍ കൈറ്റ് ഫെസ്റ്റ്, പാരാമോട്ടോറിംഗ്, സര്‍ഫിംഗ് ഡെമോ, വിംഗ് ഫോയിലിംഗ്, ചുരുളന്‍ വള്ളം കളി, കയാക്ക് സെയില്‍ ഡെമോ എന്നീ മത്സര ഇനങ്ങളാണ് നടക്കുക. വൈകീട്ട് 6 മുതല്‍ ബേപ്പൂരില്‍ വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന ബോട്ട് പരേഡ് ഇത്തവണയും വാട്ടര്‍ ഫെസ്റ്റിന്റെ മുഖ്യ ആകര്‍ഷകങ്ങളില്‍ ഒന്നായിരിക്കും. തുടര്‍ന്ന് 7 മുതല്‍ സമാപനച്ചടങ്ങുകളും 7.30 മുതല്‍ സച്ചിന്‍ വാര്യര്‍, ആര്യ ദയാല്‍ ബാന്റിന്റെ സംഗീത പരിപാടിയും നടക്കും. 7 മണി മുതല്‍ ചാലിയത്ത് സമീര്‍ ബിന്‍സി ആന്റ് ഇമാം മജ്ബൂര്‍ അവതരിപ്പിക്കുന്ന ഖവാലിയും നല്ലൂരില്‍ അബ്രാകഡബ്ര ഷോയും നടക്കും.

കപ്പൽ കാണാം

ഫെസ്റ്റിന്റെ ഭാഗമായി ഡിസംബര്‍ 26 മുതല്‍ 29 വരെ കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും കപ്പല്‍ പൊതുജനങ്ങള്‍ക്ക് കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. പ്രതിരോധ വകുപ്പിന്റെയും നേവിയുടെയും കോസ്റ്റുഗാര്‍ഡിന്റെയും സ്റ്റാളുകളും ബേപ്പൂര്‍ തുറമുഖത്ത് ഉണ്ടായിരിക്കും. നേവിയുടെയും കോസ്റ്റുഗാര്‍ഡിന്റെയും ഹെലികോപ്റ്റര്‍ സെര്‍ച്ച് ഡെമോണിയ, ഫ്‌ളൈറ്റ് ഫാസ്റ്റ് എന്നിവയും ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും.

ഉത്തരവാദിത്ത ടൂറിസം, ടെക്സ്‌റ്റൈല്‍ ആര്‍ട്ട് ഫെസ്റ്റ് 30 വരെ

ഉത്തരവാദിത്ത ടൂറിസം മിഷന്‍ ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ബേപ്പൂര്‍ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം ആന്റ് ടെക്സ്‌റ്റൈല്‍ ആര്‍ട്ട് ഫെസ്റ്റ് 2023 ഡിസംബര്‍ 26 മുതല്‍ 30 വരെ ഫറോക്ക് നല്ലൂര്‍ സ്റ്റേഡിയത്തിലാണ്. അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയരായ ഇരുപതോളം സംസ്ഥാനങ്ങളില്‍ നിന്നുള്ള ടെക്സ്‌റ്റൈല്‍ - കരകൗശല വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന ഫെസ്റ്റ് ഡിസംബര്‍ 27ന് വൈകുന്നേരം 4.30 ന് നല്ലൂര്‍ സ്റ്റേഡിയത്തില്‍  മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ പ്രചാരണത്തിന്റെ ഭാഗമായി വൈവിധ്യമായ പരിപാടികളാണ് ഡിസംബര്‍ 18 മുതല്‍ നടന്നുവരുന്നത്. കോഴിക്കോട് ബീച്ചില്‍ വോളി ബോള്‍, കബഡി, സെപക് താക്രോ തുടങ്ങിയ മത്സരങ്ങള്‍ ഇതിനകം നടന്നു. ഡിസംബര്‍ 23ന് (ഇന്ന്) ഫുട്‌ബോള്‍ മത്സരവും നടക്കും.

ബേപ്പൂരിന്റെ ചരിത്രവും വര്‍ത്തമാനവും അടയാളപ്പെടുത്തുന്ന ഹെറിറ്റേജ് ട്രെയില്‍ ഇതിന്റെ ഭാഗമായി നടന്നു. ഡിസംബര്‍ 23ന് വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ചിത്രരചന മത്സരവും സംഘടിപ്പിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായ ഘോഷയാത്രയും അരങ്ങേറും. വൈകീട്ട് നാല് മണിക്ക് ബേപ്പൂര്‍ കയര്‍ ഫാക്ടറി പരിസരത്ത് നിന്നും ആരംഭിക്കുന്ന ഘോഷയാത്ര ഉദ്ഘാടന വേദിയായ പുലിമുട്ടില്‍ അവസാനിക്കും. ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ഫെസ്റ്റ് മികച്ച രീതിയില്‍ കവര്‍ ചെയ്യുന്ന മാധ്യമങ്ങള്‍ക്ക് സംഘാടക സമിതി അവാര്‍ഡും നല്‍കും. സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും വെവ്വേറെ അവാര്‍ഡുകളുണ്ട്. അച്ചടി, ദൃശ്യമാധ്യമങ്ങള്‍ക്കു പുറമെ എഫ്എം റേഡിയോ, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്നിവയ്ക്കും അവാര്‍ഡുകള്‍ നല്‍കും.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ പ്രതീക് ജെയിന്‍, ടൂറിസം ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോര്‍ഡിനേറ്റര്‍ കെ രൂപേഷ്‌കുമാര്‍, ഡി ടി പി സി സെക്രട്ടറി നിഖില്‍ ദാസ്,  ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ഫെസ്റ്റ് കണ്‍വീനര്‍ ടി രാധാഗോപി, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ കെ ആര്‍ പ്രമോദ് എന്നിവര്‍ പങ്കെടുത്തു

beypore water festivel

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post