
രാമനാട്ടുകര:ആംബുലൻസുകളുടെ ദുരുപയോഗം തടയുന്നതിന്റെ ഭാഗമായി മോട്ടർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഫിറ്റ്നസും ടാക്സും ഇല്ലാത്ത വാഹനം പിടികൂടി. മലപ്പുറത്തെ ആശുപത്രിയിൽ നിന്നു കൊയിലാണ്ടിയിലെ വീട്ടിലേക്ക് രോഗിയെ കൊണ്ടു പോകുകയായിരുന്ന ആംബുലൻസാണ് നിയമം ലംഘനത്തിനു പിടിയിലായത്. ഉദ്യോഗസ്ഥർ ഇടപെട്ടു മറ്റൊരു ആംബുലൻസ് എത്തിച്ചു രോഗിയെ മാറ്റിയ ശേഷം ആംബുലൻസ് കസ്റ്റഡിയിലെടുത്തു. ടാക്സ് അടപ്പിച്ച ശേഷം 6000 രൂപ പിഴ ചുമത്തി. തകരാറുകൾ പരിഹരിച്ച് ഫിറ്റ്നസ് എടുത്ത ശേഷം മാത്രമേ സർവീസ് നടത്താവൂ എന്ന നിബന്ധനയിൽ വാഹനം വിട്ടുനൽകി.
ഓപ്പറേഷൻ ‘സേഫ്റ്റി ടു സേവ് ലൈഫ്’ എന്ന പേരിൽ സംഘടിപ്പിച്ച സ്പെഷൽ ഡ്രൈവിൽ വിവിധ കേന്ദ്രങ്ങളിൽ തമ്പടിച്ചാണു ഉദ്യോഗസ്ഥർ ആംബുലൻസുകൾ പരിശോധിച്ചത്. ഫറോക്ക്, രാമനാട്ടുകര ഭാഗങ്ങളിലെ പരിശോധനയിൽ ചില ആംബുലൻസുകളിൽ മോട്ടർ വാഹന നിയമത്തിനു വിരുദ്ധമായി ആവശ്യത്തിലധികം ലൈറ്റുകൾ, മൃതദേഹം കൊണ്ടു പോകുന്ന വാഹനം ഹോൺ മുഴക്കൽ, അധിക ശബ്ദമുള്ള ഹോണുകൾ എന്നിവ കണ്ടെത്തി.
3 വാഹനങ്ങൾക്ക് പിഴ ചുമത്തി. ആംബുലൻസുകളുടെ അനധികൃത സർവീസ്, അത്യാവശ്യഘട്ടങ്ങളിൽ അല്ലാതെ അമിത വേഗം, അലക്ഷ്യമായ ഡ്രൈവിങ്, അനാവശ്യമായ ഹോൺ–സൈറൺ ഉപയോഗം, ലഹരി വസ്തുക്കൾ ഉപയോഗിച്ച് വാഹനം ഓടിക്കൽ തുടങ്ങിയ നിയമ ലംഘനങ്ങളാണ് ഉദ്യോഗസ്ഥർ പരിശോധിച്ചത്.
ജോയിന്റ് ആർടിഒ വി.പി.സക്കീർ, മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ വി.ഐ.അബ്ദുൽ ജലീൽ, എഎംവിഐ ഡി.ശരത്, ജിജി അലോഷ്യസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
MVD