പിഎസ്‍സി പരീക്ഷയ്ക്ക് പഠിക്കാൻ അവധി കൊടുത്തില്ല, ചെക്യാട് പഞ്ചായത്തിലെ ജീവനക്കാരിയുടെ ആത്മഹത്യ; ഓഡിയോ പുറത്ത്



കോഴിക്കോട്: കോഴിക്കോട് ചെക്യാട് പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരി ആത്മഹത്യ ചെയ്തതത് പഞ്ചായത്ത് സെക്രട്ടറി തുടര്‍ച്ചയായി അവധി നിരസിച്ചതു കൊണ്ടാണെന്ന് ആരോപണം. കരാര്‍ ജീവനക്കാരി വൈക്കിലശ്ശേരി സ്വദേശി പ്രിയങ്കയെയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഉത്തരവാദി പഞ്ചായത്ത് സെക്രട്ടറിയാണെന്ന് സുഹൃത്തിനോട് പ്രിയങ്ക പറയുന്ന ഓഡിയോ ക്ലിപ്പ് പുറത്തു വന്നു.
ഓര്‍ക്കാട്ടേരി ചെക്യാട്ട് പഞ്ചായത്തില്‍ കരാ‍ര്‍ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആറുമാസമായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെകടറായി ജോലി ചെയ്യുന്ന പുതിയോട്ടില്‍ പ്രിയങ്കയെയാണ് കഴിഞ്ഞ ദിവസം വിട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്ത മാസം നടക്കാനിരിക്കുന്ന പിഎസ് എസ് പരീക്ഷക്കായി കുറച്ചുമാസങ്ങളായി നിരന്തര പരിശ്രമത്തിലായിരുന്നു പ്രിയങ്ക. ജനുവരിയില്‍ രാജിവെക്കാന്‍ ശ്രമിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുന്നത് പോലെ പറഞ്ഞെന്നും പിന്നീട് ലീവ് പല തവണ നിരസിക്കപ്പെട്ടെന്നും ആത്മഹത്യക്കുറിപ്പില്‍ പറയുന്നുണ്ട്.

എന്തെങ്കിലും ചെയ്താല്‍ ഉത്തരവാദി പഞ്ചായത്ത് സെക്രട്ടറിയാണെന്നും പ്രിയങ്ക സുഹൃത്തിനോട് പറയുന്ന ഓഡിയോ ക്ലിപ്പും പുറത്തു വന്നു. എന്നാല്‍ പ്രിയങ്കയുടെ കുടുംബം ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. അസ്വാഭാവികമാരണത്തിനാണ് വടകര പൊലീസ് കേസെടുത്തിരിക്കുന്നത്. യുഡിഎഫ് ഭരണസമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. താല്‍ക്കാലിക ജീവനക്കാര്‍ക്ക് നീണ്ട അവധി നല്‍കുന്നതില്‍ സാങ്കേതിക തടസം ഉണ്ടെന്നും പ്രിയങ്ക മാനസിക പ്രയാസം നേരിട്ടത് അറിഞ്ഞിരുന്നില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056) 

kozhikode chekkiad panchayath contract employee priyanka suicide case update
Previous Post Next Post