ലോകാരോഗ്യ ചലച്ചിത്രമേളയിൽ കോഴിക്കോട്ടെ വിദ്യാർഥിയുടെ നാലു മിനിറ്റ് സിനിമയും



കോഴിക്കോട്:ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ചലച്ചിത്രമേളയിൽ കോഴിക്കോട്ടുകാരനായ വിദ്യാർഥിയുടെ ഹ്രസ്വ ചിത്രവും. അരീക്കാട് സ്വദേശി പി.എ.അശ്വിന്റെ ‘ദ് റൂം വിതിൻ’ എന്ന ഷോർട്ട് ഫിലിമാണ്  ഹെൽത്ത് ഫോർ ഓൾ ചലച്ചിത്രമേളയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. കൗമാരക്കാരും യുവാക്കളും നേരിടുന്ന വിഷാദരോഗത്തെക്കുറിച്ചാണു ‘ദ് റൂം വിതിൻ’ പറയുന്നത്. 
മൊബൈൽ ഫോൺ ക്യാമറയിൽ‍ ചിത്രീകരിച്ച സിനിമയുടെ ദൈർഘ്യം നാലു മിനിറ്റാണ്. അഭിനയവും സംവിധാനവുമെല്ലാം നിർവഹിച്ചത് അശ്വിൻ തന്നെ. 110 രാജ്യങ്ങളിൽ നിന്ന് അപേക്ഷിച്ച 900 ഹ്രസ്വ സിനിമകളിൽ നിന്നാണ് ‘ദ് റൂം വിതിൻ’ അടക്കം 60 ചിത്രങ്ങൾ ചലച്ചിത്രമേളയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.

എറണാകുളം അമൃത കോളജിൽ വിഷ്വൽ മീഡിയ ആൻഡ് കമ്യൂണിക്കേഷൻ രണ്ടാംവർഷ ബിരുദ വിദ്യാർഥിയാണ് അശ്വിൻ.  കോഴിക്കോട് ആകാശവാണിയിലെ പി.കെ.അജിത്കുമാറിന്റെയും കോട്ടയ്ക്കൽ ഫെഡറൽ ബാങ്കിലെ സന്ധ്യയുടെയും മകൻ.
Previous Post Next Post