കോഴിക്കോട്:നിപ്പ വൈറസ് ഭീഷണി കോഴിക്കോട്ട് ആദ്യമായി വന്ന കാലത്ത് സ്രവ പരിശോധന വേഗത്തിലാക്കാൻ മെഡിക്കൽ കോളജിൽ സ്ഥാപിക്കാനൊരുങ്ങിയ ബയോ സേഫ്റ്റി ലവൽ 3 (ബിഎസ്എൽ–3) വൈറോളജി ലാബിന്റെ നിർമാണം 4 വർഷമായിട്ടും പൂർത്തിയായില്ല. കോവിഡ് മൂലം രണ്ടുതവണ മുടങ്ങിയ നിർമാണം 2021ൽ കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലാണു പുനരാരംഭിച്ചത്. ഈ വർഷാവസാനത്തോടെ പൂർത്തിയാകുമെന്നു മൈക്രോബയോളജി വിഭാഗം മേധാവി പറഞ്ഞു.
നിപ്പ വീണ്ടും വന്നതോടെ ഈ ലാബിന്റെ പ്രാധാന്യമേറി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) അനുവദിച്ച 5.5 കോടി രൂപയിൽ ആരംഭിച്ച പ്രവൃത്തിക്ക് 2019ൽ ഭരണാനുമതി ലഭിച്ചിരുന്നു. 11 കോടിയാണ് പുതുക്കിയ എസ്റ്റിമേറ്റ്. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) മുഖേനയാണു പ്രധാന ഉപകരണങ്ങൾ വാങ്ങുന്നത്.
നിലവിലെ ബിഎസ്എൽ– 2 ലാബിൽ നിപ്പ അടക്കം എല്ലാ ടെസ്റ്റുകളും ചെയ്യുന്നുണ്ടെങ്കിലും ഏറ്റവും ആധുനികവും സങ്കീർണവുമായ ലവൽ 3 ലാബ് വരുന്നതോടെ ടെസ്റ്റുകൾക്കും കൂടുതൽ സൗകര്യവും സുരക്ഷിതത്വവും ലഭ്യമാകും. ഐസിഎംആറിന്റെ പ്രോട്ടോക്കോൾ പ്രകാരം അന്തിമ സ്ഥിരീകരണം പുണെയിലെ വൈറോളജി ലാബിൽ നിന്നു ലഭിക്കണമെങ്കിലും ഇവിടത്തെ ബിഎസ്എൽ–3 ലാബിലെ ടെസ്റ്റിൽനിന്നു കൃത്യമായ ഫലം ലഭിക്കുന്നതു പ്രതിരോധ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കും. ആലപ്പുഴയിലും ബിഎസ്എൽ–3 ലാബ് നിർമാണഘട്ടത്തിലാണ്. പകർച്ചവ്യാധികൾ നിയന്ത്രിക്കാൻ ദേശീയതലത്തിൽ പരിശോധനാ സംവിധാനം വിപുലമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഐസിഎംആർ വൈറൽ ഡയഗ്‌നോസ്റ്റിക് സൗകര്യമുള്ള ലാബ് സ്ഥാപിക്കുന്നത്. നിപ്പ, കുരങ്ങുപനി, വെസ്റ്റ്‌നൈൽ, ചിക്കുൻഗുനിയ തുടങ്ങിയവയുടെ പരിശോധനകളാണ് ഇവിടെ നടത്തുക. ലാബിലേക്ക് ആവശ്യമായ വിദഗ്ധരെ ഐസിഎംആർ തന്നെ നൽകും.
ബിഎസ്എൽ–3 ലാബ് പഴുതടച്ച് സുരക്ഷിതമായ അന്തരീക്ഷത്തിലായിരിക്കും ബിഎസ്എൽ– 3 ലാബിൽ രോഗനിർണയവും ഗവേഷണവും നടക്കുക. ശ്വാസത്തിലൂടെ പകരുന്ന രോഗാണുക്കൾ അന്തരീക്ഷത്തിലുണ്ടാകുമെന്നതിനാൽ പൂർണമായും കവചിതമായ സംവിധാനത്തിലാണു ലാബ് പ്രവർത്തിക്കുക. സെന്റർ ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) ആണു ലാബുകളെ ബിഎസ്എൽ– 1 മുതൽ 4 വരെയുള്ള ക്രമത്തിൽ തരംതിരിക്കുന്നത്. ബിഎസ്എൽ–4 വൈറോളജി ലാബ് രാജ്യത്ത് പുണെയിൽ മാത്രമാണുള്ളത്.
The Virology Lab in Kozhikode was not completed even after 4 years