കോഴിക്കോട്:പാതയിലെ അറ്റകുറ്റപ്പണികൾക്കായി 3 മാസത്തേക്കു സർവീസ് നിർത്തിവച്ച 2 ട്രെയിനുകൾ വർഷമൊന്നാകുമ്പോഴും റെയിൽവേ പുനഃസ്ഥാപിച്ചില്ല. കോഴിക്കോട് വരെ സർവീസ് നടത്തിയിരുന്ന 06495 നമ്പർ തൃശൂർ-കോഴിക്കോട് എക്സ്‌പ്രസ് വൈകിട്ട് 6.45 ന് ഷൊർണൂരിൽ യാത്ര അവസാനിപ്പിച്ചതും, 5.45 ന് ഷൊർണൂരിൽ നിന്നു പുറപ്പെട്ട് രാത്രി 7ന് കോഴിക്കോട്ടെത്തിയിരുന്ന 06496 ഷൊർണൂർ-കോഴിക്കോട് പാസഞ്ചർ പൂർണമായും നിർത്തലാക്കിയതുമാണ് മലബാറിലെ യാത്രക്കാരെ പെരുവഴിയിലാക്കിയ 2 തീരുമാനങ്ങൾ. 2023 സെപ്റ്റംബർ 9നാണ് ഇവ നിർത്തലാക്കിയത്. പാതയിലെ അറ്റകുറ്റപ്പണികൾക്കെന്ന പേരിലാണ് ഈ തീരുമാനങ്ങൾ നടപ്പാക്കിയത്. അതിനാൽ കാര്യമായ പ്രതിഷേധം ഉയർന്നിരുന്നുമില്ല. എന്നാൽ 3 മാസത്തിനു ശേഷവും ട്രെയിനുകൾ പുനഃസ്ഥാപിക്കാത്തതിൽ യാത്രക്കാരുടെ സംഘടനകൾ പ്രതിഷേധമുയർത്തിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ വർഷം തന്നെ ഡിസംബർ 9ന് ഈ ട്രെയിനുകൾ പുനസ്ഥാപിക്കുമെന്ന റെയിൽവേയുടെ വാക്കാണ് മറ്റൊരു സെപ്റ്റംബർ 9 അടുക്കുമ്പോഴും നടപ്പാകാതെ കിടക്കുന്നത്.
2 ട്രെയിനുകൾ നിർത്തലാക്കിയ അവസരത്തിൽ ഇതിനു പകരമായി 06455 ഷൊർണൂർ–കോഴിക്കോട് എക്സ്പ്രസ് രാത്രി 8.45ന് ഷൊർണൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 11. 35ന് കോഴിക്കോട്ടെത്തും വിധം ക്രമീകരിക്കുകയും ചെയ്തു. എന്നാൽ ഇതാർക്കും ഉപകാരപ്പെടാത്തതായിരുന്നു. അതോടൊപ്പം 16307 ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ സമയം മാറ്റിയതും യാത്രക്കാർക്ക് കനത്ത തിരിച്ചടിയായി മാറി. കേരളത്തിലെ ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറിൽ 130 കിലോമീറ്ററാക്കി ഉയർത്തുന്നതിനു വേണ്ടി പാതകളിലെ വളവുകൾ നിവർത്താൻ നടത്തുന്ന ജോലികൾക്കെന്ന പേരിലാണ് 2 ട്രെയിനുകൾ റദ്ദാക്കിയത്. എന്നാൽ 3 മാസമല്ല വർഷമൊന്നും കഴിഞ്ഞിട്ടും ഇവിടെ പാതയിലെ പരമാവധി വേഗം മണിക്കൂറിൽ 110 ആയി തുടരുകയാണ്. 2025 മാർച്ചിൽ 130 കിലോമീറ്റർ വേഗം നേടുകയാണ് റെയിൽവേയുടെ പുതിയ ലക്ഷ്യം. കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ ട്രെയിനുകളുടെ ഇടതടവില്ലാത്ത സർവീസും മൂന്നാമതൊരു പാതയില്ലാത്തതുമാണ് ട്രെയിൻ സർവീസുകൾ നിർത്തലാക്കി പാതയിലെ അറ്റകുറ്റപ്പണികൾ നടത്താൻ റെയിൽവേയെ നിർബന്ധിതമാക്കുന്നത്. അതേസമയം ഈ പരിഷ്കാരങ്ങൾ വന്ദേഭാരത് സർവീസുകൾ സൗകര്യപ്രദമാക്കാൻ വേണ്ടിയായിരുന്നെന്ന ആരോപണം ഇപ്പോൾ ശക്തമായിട്ടുണ്ട്.
പേരിലൊരു സ്പെഷൽ; അത്രയെങ്കിലുമായല്ലോ ഇതിനിടെ ഷൊർണൂർ–കണ്ണൂർ റൂട്ടിൽ പുതിയൊരു സ്പെഷൽ ട്രെയിൻ സർവീസ് ആരംഭിച്ചതു യാത്രക്കാർക്കു ചെറിയ ആശ്വാസം പകർന്നിട്ടുണ്ട്. ഷൊർണൂർ ഭാഗത്തേക്ക് ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും കണ്ണൂർ ഭാഗത്തേക്ക് ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലും മാത്രമാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നതെന്ന പോരായ്മയുമുണ്ട്. ആഴ്ചയിൽ മുഴുവൻ ദിവസവും സർവീസ് നടത്തിയാൽ കൂടുതൽ പേർക്ക് ഉപകാരപ്രദമാകും
Despite promises of reinstatement after track maintenance,
Tags:
TRAIN