Representation image |
കോഴിക്കോട്: ബേപ്പൂരിൽനിന്ന് 15 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി. മേയ് അഞ്ചിന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ടിനെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല. അഞ്ചാം തീയതി ബേപ്പൂരിൽനിന്ന് പോയ മറ്റൊരു ബോട്ട് ഗോവൻ തീരത്ത് തകരാറിലായതായും ഇതിലെ 15 തൊഴിലാളികളും ഇവിടെ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്.
അജ്മീർ ഷാ എന്ന ബോട്ടിലുണ്ടായിരുന്ന 15 പേർ എവിടെയാണെന്നോ എന്തു സംഭവിച്ചെന്നോ ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ഇരു ബോട്ടുകളിലുമായി 30 തൊഴിലാളികളാണുള്ളത്. ഈ തൊഴിലാളികളെല്ലാം തമിഴ്നാട് സ്വദേശികളാണ്.
ഗോവയിൽ കുടുങ്ങിക്കിടക്കുന്ന മിലാദ്-3 എന്ന ബോട്ടിനെക്കുറിച്ച് ഞായറാഴ്ച രാവിലെയാണ് വിവരം ലഭിച്ചത്. ഈ ബോട്ടിലെ തൊഴിലാളികളെ രക്ഷിക്കാൻ അടിയന്തിരമായി കോസ്റ്റ് ഗാർഡും നാവികസേനയും ഇടപെടണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു. കാണാതായ ബോട്ടിനെക്കുറിച്ചുള്ള അന്വേഷണം വേഗത്തിലാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.