താമരശ്ശേരി:കൂടത്തായി വെളിമണ്ണ എലിയമ്പ്രമലയിൽ ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് വിനോദ സഞ്ചാരത്തിനെത്തിയവരുടെ 18 ബൈക്കുകൾ താമരശ്ശേരി പോലീസ് പിടികൂടി. പിടികൂടിയ ബൈക്കുകൾ ലോറികളിൽ കയറ്റി താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
വിദൂര പ്രദേശങ്ങളിൽ നിന്നും നൂറുക്കണക്കിന് യുവാക്കൾ ദിവസേന മലയിൽ എത്താറുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു, മലക്ക് മുകളിൽ മദ്യപാനവും, ലഹരി ഉപയോഗവും പതിവാണെന്നും, മലക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ കുടിവെള്ള ടാങ്കിൽ മദ്യ കുപ്പികൾ അടക്കം വലിച്ചെറിയുന്നതും പതിവാണെന്നും നാട്ടുകാർ പറഞ്ഞു. ഇവിടെ എത്തുന്നവരിൽ ഏറെയും കൗമാരപ്രായക്കാരാണ്. രാത്രി ഏറെ വൈകി വരെ ഇവർ മലയിൽ തമ്പടിക്കാറുണ്ട്. പ്രവേശനം നിരോധിച്ച് നാട്ടുകാർ വഴിയിൽ സ്ഥാപിച്ച ബോർഡുവരെ ഇവർ നശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു.
ഇന്ന് പോലീസ് സ്ഥലത്തെത്തിയപ്പോൾ 18 ബൈക്കുകളാണ് പിടികൂടിയത്. താമരശ്ശേരി ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫിൻ്റെ നിർദേശപ്രകാരം എസ്.ഐ മുഹമ്മദ് കോയ, സീനിയർ സി.പി.ഒ സൂരജ്, സി.പി.ഒ റഫീഖ് എന്നിവർ ചേർന്നാണ് വാഹനങ്ങൾ പിടികൂടിയത്.