കോവിഡ് മഹാമാരിക്കെതിരെയുള്ള പ്രതിരോധത്തില്‍ പങ്കാളിയായി ജില്ലയിലെ കുടുംബശ്രീ സംവിധാനവും. ജില്ലയിലെ വിവിധ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ലഭ്യമാക്കാനുള്ള ജില്ലാ ഭരണകേന്ദ്രത്തിന്റേയും നാഷണല്‍ ഹെല്‍ത്ത് മിഷന്റേയും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്താണ് സ്ത്രീ കൂട്ടായ്മയായ കുടുംബശ്രീ സമൂഹത്തിന് ആശ്വാസമായിരിക്കുന്നത്. ജില്ലയില്‍ ഇരുപത്തെട്ടായിരത്തോളം വരുന്ന കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലായി നാലര ലക്ഷത്തോളം അംഗങ്ങളുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ അയല്‍ക്കൂട്ടങ്ങളില്‍ നിന്നൊഴികെയുള്ള അംഗങ്ങള്‍ ചേര്‍ന്ന് ചെറിയ ചെറിയ തുകകള്‍ സ്വരൂപിച്ചാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ഈ മഹത്തായ ഉദ്യമത്തില്‍ പങ്കുചേര്‍ന്നത്. കോഴിക്കോട് കോര്‍പ്പറേഷനിലെ കുടുംബശ്രീ അംഗങ്ങള്‍ ചേര്‍ന്ന് അഞ്ച് ലക്ഷത്തിലധികം രൂപ അടുത്ത ദിവസം തന്നെ നഗരപരിധിയില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും പ്രതിരോധ ഉപകരണങ്ങളും വാങ്ങുന്നതിന് കോര്‍പ്പറേഷന്‍ ഭരണസമിതിയെ ഏല്‍പ്പിക്കും.
വിവിധ കുടുംബശ്രീ സി.ഡി.എസ്സുകള്‍ വഴി സ്വരൂപിച്ച 38,66,310 രൂപയുടെ ചെക്ക് കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കവിത പി.സി. ജില്ലാ കളക്ടര്‍ സാംബശിവ റാവുവിന് കൈമാറി.ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള കുടുംബശ്രീ സംവിധാനത്തിന്റെ സന്നദ്ധത പ്രസ്ഥാനത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയാണ് വെളിവാക്കുന്നതെന്ന് കളക്ടര്‍ അഭിപ്രായപ്പെട്ടു. മുമ്പും ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ ജില്ലയിലെ കുടുംബശ്രീ സംവിധാനം നടത്തിയ ഇടപെടലുകളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. അസി. കോ-ഓര്‍ഡിനേറ്റര്‍മാരായ ഗിരീശന്‍ പി.എം, ഗിരീഷ്‌കുമാര്‍. ടി, അഞ്ജു. കെ എന്നിവര്‍ പങ്കെടുത്തു.