സംസ്ഥാനത്തെ ആശുപത്രികളില്‍ തീപിടുത്ത സാധ്യത: ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം

 

സംസ്ഥാനത്തെ ആശുപത്രികളില്‍ തീപിടുത്ത സാധ്യതയെന്ന് ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം. സംസ്ഥാനത്ത് ഫയര്‍ സേഫ്‌റ്റി സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവര്‍ത്തിക്കുന്നത് 220 ആശുപത്രികളാണെന്ന് ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കൊല്ലം ജില്ലകളിലാണ് നിയമലംഘനങ്ങള്‍ ഏറെയും.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് ഫയര്‍ സേഫ്റ്റി വിഭാഗം പരിശോധന നടത്തിയത്. പരിശോധനയില്‍ തിരുവനന്തപുരത്ത് മാത്രം 65 ആശുപത്രികള്‍ക്ക് ഫയര്‍ സേഫ്റ്റി എന്‍ഒസി ഇല്ലെന്ന് കണ്ടെത്തി. കോട്ടയത്ത് 37ഉം , തൃശൂരില്‍ 27ഉം, കൊല്ലത്ത് 25ഉം ആശുപത്രികള്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്തൊട്ടാകെ ഫയര്‍ സേഫ്‌റ്റി സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവര്‍ത്തിക്കുന്നത് 220 ആശുപത്രികളാണെന്ന് പരിശോധനയില്‍ വ്യക്തമായി.

അതേസമയം കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലടക്കം പരിശോധനയില്‍ വീഴ്ച കണ്ടെത്തിയിട്ടുണ്ട്. പഴയ ആശുപത്രികളിലാണ് കൂടുതല്‍ നിയമലംഘനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തീപിടുത്തമുണ്ടായാല്‍ രോഗികളെ ഒഴിപ്പിക്കുന്നതിനുള്ള സംവിധാനം പലയിടത്തുമില്ലെന്നും പരിശോധനാ സംഘം കണ്ടെത്തി.

Previous Post Next Post