
കോഴിക്കോട്: സംസ്ഥാനത്തെ 11 ആരോഗ്യ സ്ഥാപനങ്ങളെ ദേശീയ ഗുണനിലവാര പട്ടികയിൽ ഉൾപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂടാടി ഹെൽത്ത് സെന്റർ, പുറമേരി ഹെൽത്ത് സെന്റർ എന്നിവയാണ് കോഴിക്കോട് ജില്ലയിൽ നിന്നുള്ളത്.
കണ്ണൂരിൽ പാനൂർ, ന്യൂമാഹി, മലപ്പുറത്തെ അത്താണിക്കൽ തൃശ്ശൂരിലെ ഗോസായിക്കുളം, പോർക്കളേങ്ങാട് കൊല്ലം മുണ്ടക്കൽ അർബൻ പ്രൈമറി സെന്റർ, ഇടുക്കി ഉടുമ്പൻ ചോല, തിരുവനന്തപുരം വട്ടിയൂർക്കാവ് ആരോഗ്യ കേന്ദ്രങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും ഈ നേട്ടം കൊയ്യാനായത് വലിയ കാര്യമാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അർബൻ പ്രൈമറി വിഭാഗത്തിൽ ഏറ്റവും കൂടുതൽ ദേശീയ അംഗീകാരം ലഭിച്ച സംസ്ഥാനം കേരളമാണ്.
മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിലും ആദ്യത്തെ പന്ത്രണ്ട് സ്ഥാനം കേരളത്തിനുള്ളതാണ്. മികച്ച പ്രവർത്തനമാണ് ഈ സ്ഥാപനങ്ങൾ നടത്തിവരുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.