നയപ്രഖ്യാപന പ്രസംഗം: ബേപ്പൂർ തുറമുഖത്തിന്റെ ആഴംകൂട്ടാൻ 60 കോടി



കോഴിക്കോട്: സംസ്ഥാനത്തെ പ്രധാന ചെറുകിടതുറമുഖമായ ബേപ്പൂർ പോർട്ടിന്റെ ആഴം ആറുമീറ്ററാക്കുമെന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ഇതിനായി അറുപത്‌കോടി ചെലവഴിക്കും.

ഇതോടൊപ്പം കോഴിക്കോട്-ഉഡുപ്പി വൈദ്യുതലൈൻ പൂർത്തിയാക്കും. സൈബർ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന് സഹായിക്കുന്ന കോഴിക്കോട് സൈബർഡോം ശക്തിപ്പെടുത്തും. സ്വർണത്തിന്റെ മാറ്റ് നോക്കാൻ കോഴിക്കോട്ട് ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ ലാബ് സ്ഥാപിക്കും തുടങ്ങിയ വാഗ്ദാനങ്ങളും നയപ്രഖ്യാപന പ്രസംഗത്തിലുണ്ട്.

ഏറ്റവും തിരക്കേറിയ ചെറുകിട തുറമുഖമാണ് ബേപ്പൂർ. മാത്രമല്ല ലക്ഷദ്വീപുകാരുടെ ആവശ്യങ്ങൾ കൂടെ നിറവേറ്റുന്നതാണ്. അവിടേക്ക് നിലവിൽ യാത്രാകപ്പലുകളുണ്ട്. തുറമുഖത്തിന് ആഴം കുറവായതിനാൽ ഇവിടെ ചരക്ക് ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയുന്നില്ല. വലിയ കണ്ടെയ്‌നർ കപ്പലുകൾക്കും വരാനാവില്ല. അതുകൊണ്ട് കോഴിക്കോട്ടെ വ്യാപാരികൾപോലും കൊച്ചിയെയാണ് ആശ്രയിക്കുന്നത്. അവിടെ ചരക്കിറക്കി റോഡുമാർഗം കൊണ്ടുവരുകയാണ്.

തുറമുഖത്തിന്റെ ആഴംകൂട്ടുകയും വാർഫിന്റെ നീളംകൂട്ടുകയുംചെയ്ത് വികസിപ്പിച്ചാൽ ചരക്കുഗതാഗതം വിപുലപ്പെടുത്താൻ കഴിയും. കാലങ്ങളായി ഉയരുന്ന ആവശ്യമാണ് ബേപ്പൂർ തുറമുഖത്തിന്റെ വികസനം.
Previous Post Next Post