'നമ്മുടെ കോഴിക്കോട് ' ആപ്പിന് ദേശീയ പുരസ്‌കാരം



കോഴിക്കോട്: ജനോപകാരപ്രദമായ രീതിയിൽ നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ സഹകരണത്തോടെ ആവിഷ്‌കരിച്ച നൂതന ആശയങ്ങൾക്കുള്ള ദേശീയ പുരസ്‌കാരത്തിന് നമ്മുടെ കോഴിക്കോട് ' ആപ്ലിക്കേഷൻ അർഹമായി. ഡിസ്ട്രിക്ട് ഗവേണൻസ് മൊബൈൽ ചലഞ്ചിൽ ഒന്നാം സ്ഥാനമായ ഗോൾഡൻ അവാർഡാണ് കോഴിക്കോടിന്. ഡൽഹിയിൽ നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ ആസ്ഥാനത്ത് ഒരുക്കിയ ചടങ്ങിലാണ് ഡയറക്ടർ ജനറൽ നീത വർമ്മ അവാർഡ് പ്രഖ്യാപിച്ചത്.

ജില്ലാ കളക്ടർ സാംബശിവ റാവു, ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ മേഴ്‌സി സെബാസ്റ്റ്യൻ, അഡീ. ഇൻഫർമാറ്റിക്‌സ് ഓഫീസർ ടി.ഡി. റോളി എന്നിവർ കലക്ടറേറ്റിൽ നിന്നു ഓൺലൈനായി പുരസ്‌കാര പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.

ജില്ലാ കളക്ടർ സാംബശിവ റാവു പദ്ധതി വിശദീകരിച്ചു. രാജ്യത്തെ 674 ജില്ലകൾ മത്സരത്തിൽ രജിസ്റ്റർ ചെയ്യുകയും 374 ജില്ലകൾ പദ്ധതി രൂപരേഖ സമർപ്പിക്കുകയും ചെയ്തിരുന്നു, പദ്ധതി പൂർണമായും സമർപ്പിച്ച 81 ജില്ലകളിൽ നിന്ന് തിരഞ്ഞെടുത്ത 20 ജില്ലകളിൽ കോഴിക്കോട് ഒന്നാം സ്ഥാനം നേടുകയായിരുന്നു.

വിവിധ വകുപ്പുകൾ നൽകുന്ന സേവനങ്ങളുടെ വിവരങ്ങൾ നേരിട്ട് പൊതുജനങ്ങളിലെത്തിക്കുന്നതിന് തയ്യാറാക്കിയ 'നമ്മുടെ കോഴിക്കോട് ' മൊബൈൽ ആപ്ലിക്കേഷനിൽ സർക്കാരിന്റെ ആനുകൂല്യങ്ങളും ക്ഷേമപദ്ധതികളും സംബന്ധിച്ച സമ്പൂർണ വിവരവും ലഭ്യമാണ്. ജനപ്രതിനിധികളുമായി കൂടിക്കാഴ്ചയ്ക്ക് മുൻകൂർ സമയം തേടാനും നേരിട്ടോ, വീഡിയോ കോളിലൂടെയോ സംസാരിക്കാനുമുള്ള സൗകര്യവും ഇതിലുണ്ട്. മൂന്ന് സെക്കൻഡിലേറെ സമയം എസ്.ഒ.എസ് ബട്ടൺ അമർത്തി അടിയന്തരസഹായം തേടാനുള്ള സംവിധാനം കൂടി ലഭ്യമാണ്. ഇതിൽ. പദ്ധതി ആസൂത്രണം മുതൽ നിർവഹണം വരെയുള്ള ഘട്ടങ്ങളിൽ മുഴുവൻ പൗരന്മാരുടെയും പങ്കാളിത്തം വിവര സാങ്കേതിക വിദ്യയിലൂടെ ഉറപ്പാക്കലാണ് 'നമ്മുടെ കോഴിക്കോടി'ന്റെ ലക്ഷ്യം.
Previous Post Next Post