തിരുവനന്തപുരം ∙ സംസ്ഥാനത്ത് ലോക്ഡൗൺ ജൂൺ 9വരെ നീട്ടിയേക്കും. ഇതു സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കും. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.5 ശതമാനമായിരുന്നു ഇന്നലെ. ഇതു 10 ശതമാനത്തിൽ താഴുന്നതുവരെ നിയന്ത്രണങ്ങൾ തുടരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ലോക്ഡൗൺ തുടരുമെങ്കിലും സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കാത്ത തരത്തിൽ കൂടുതൽ ഇളവുകൾ നൽകും. സ്വർണക്കടകൾ, തുണിക്കടകൾ, ചെരിപ്പുകടകൾ, കുട്ടികളുടെ സാധനങ്ങൾ വിൽക്കുന്ന കടകൾ തുടങ്ങിയവയ്ക്കു നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുമതി നൽകും. ഹോം ഡെലിവറിയും പ്രോൽസാഹിപ്പിക്കും.
ചെറുകിട വ്യവസായ സ്ഥാപനങ്ങൾ 50 ശതമാനം തൊഴിലാളികളോടെ പ്രവർത്തിക്കാൻ അനുവാദം നൽകും. സ്പെയർ പാർട്സ് കടകൾക്കും ഇളവ് അനുവദിച്ചേക്കും. കള്ളുഷാപ്പുകൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുമതി നൽകിയേക്കും. മദ്യശാലകൾ ലോക്ഡൗണിനു ശേഷം മാത്രമേ തുറക്കൂ.