
കോഴിക്കോട്: അവശ്യസാധന വിതരണത്തിന് കൺസ്യൂമർ ഫെഡ് ഓൺലൈൻ വ്യാപാരം തുടങ്ങി. 24 മണിക്കൂറിനുള്ളിൽ ഡോർ ഡെലിവറി ലഭിക്കും. കൺടെയ്‌ൻമെന്റ് സോണുകളിലും മൊബൈൽ ത്രിവേണി വഴി അവശ്യസാധന വിതരണമുണ്ടാവും.
കാഷ് ഓൺ ഡെലിവറി ആയാണ് ഇപ്പോൾ സാധനങ്ങൾ നല്കുന്നത്. ഒരാഴ്ചയ്ക്കകം തുക ഓൺലൈനായി നല്കാൻകഴിയുന്ന സംവിധാനവും നിലവിൽ വരും. ത്രിവേണി സൂപ്പർമാർക്കറ്റുകളിലെ വിലതന്നെയാവും ഈടാക്കുക. ഡെലിവറി ചാർജുണ്ടാവും. www.consumerfed.in എന്ന വെബ് പോർട്ടലിൽ ഓർഡർ ചെയ്യാം. ബിരിയാണി അരി, ആട്ട, മൈദ, റവ, നെയ്യ്, ഡാൽഡ, മസാല എന്നിവയടങ്ങിയ 760 രൂപ വിപണിവിലയുള്ള റംസാൻ കിറ്റ് 680 രൂപയ്ക്ക് ഓൺലൈനായി ലഭിക്കും. 637 രൂപ വിപണിയിൽ വില വരുന്ന മെഡിക്കൽ കിറ്റ് കൺസ്യൂമർ ഫെഡ് 200 രൂപയ്ക്കാണ് വില്ക്കുന്നത്. കൺസ്യൂമർ ഫെഡിന്റെ നീതി മെഡിക്കൽ സ്റ്റോറുകളിൽ ഇവ ലഭിക്കും.
പോർട്ടലിന്റെ പ്രകാശനം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് നിർവഹിച്ചു.കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് അധ്യക്ഷനായി. അഡ്മിനിസ്‌ട്രേഷൻ മാനേജർ പി.കെ. അനിൽ കുമാർ, റീജണൽ മാനേജർ സി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.