കോഴിക്കോട്: മെഡിക്കൽ കോളജിലെ അനുബന്ധ ആശുപത്രികളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള ആകാശപതയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അത്യാഹിത വിഭാഗം കോംപ്ലക്സ്, സൂപ്പർ സ്പെഷാലിറ്റി, മെഡിക്കൽ കോളജ് ആശുപത്രി എന്നിവയെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് നിർമിക്കുന്ന ആകാശപാതക്ക് രണ്ട് കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഒരു കോടി ബി.പി.സി.എല്ലും ഒരു കോടി അലുമ്നി അസോസിയേഷനും നൽകിയതാണ്. തറനിരപ്പിൽ നിന്നും 13 മീറ്റർ ഉയരത്തിൽ നാലു മീറ്റർ വീതിയിലാണ് ആകാശപാത നിർമിക്കുന്നത്.
മെഡിക്കൽ കോളജിലെ വിവിധ ആശുപതികളിലേക്ക് രോഗികളെ മഴയും വെയിലും ഏൽക്കാതെ കൊണ്ടുപോകുന്നതിനും രോഗികളുടെ യാത്ര സുഗമമാക്കുന്നതിനുമാണ് ആകാശപാത നിർമിക്കുന്നത്.
അത്യാഹിതവിഭാഗം കോംപ്ലക്സിൽനിന്ന് എൻ.എം.സി.എച്ചിലെ വാർഡുകളിലേക്ക് പരമാവധി 250 മീറ്ററാണ് ദൂരം. രോഗികളെ കൊണ്ടുപോകാൻ ബാറ്ററി കാറുകൾ ഉപയോഗിക്കുന്നകാര്യം പരിഗണനയിലുണ്ട്. നിർമാണപദ്ധതിയിലുള്ള ട്രോമാകെയർ കെട്ടിടംവഴി മാതൃശിശു സംരക്ഷണ കേന്ദ്രത്തെയും ആകാശപാതയുമായി ബന്ധിപ്പിക്കാൻ ആലോചനയുണ്ട്.
പദ്ധതി യാഥാർഥ്യമാകുന്നതോടെ എൻ.എം.സി.എച്ചിൽനിന്ന് രോഗികളെ വെയിലിലും മഴയിലും റോഡിലൂടെ സ്ട്രക്ചറിൽ കൊണ്ടുവരുന്ന അവസ്ഥ ഇല്ലാതാവും. മുൻ മന്ത്രി ടി.പി. രാമകൃഷ്ണെൻറ നേതൃത്വത്തിലാണ് ഫണ്ട് സമാഹരണമുൾപ്പെടെ പ്രവർത്തനങ്ങൾ നടന്നത്. എൻ.ഐ.ടിയിലെ വിദഗ്ധരാണ് രൂപരേഖ തയാറാക്കി നിർമാണം നടത്തുന്നത്.
Tags:
Calicut Medical College