കോടഞ്ചേരി: മലയോരത്തുകാരുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ മലയോര ഹൈവേയുടെ ടാറിങ് കോടഞ്ചേരിയിൽ നിന്നാരംഭിച്ചു. 34.3 കിലോമീറ്റർ ദൈർഘ്യമുള്ള മലയോര ഹൈവേ കോടഞ്ചേരി മുതൽ കക്കാടംപൊയിൽ വരെയാണ്. ബുധനാഴ്ച ഉച്ചയോടെ ആരംഭിച്ച ടാറിങ് പ്രവൃത്തികൾ ശക്തമായ മഴയെത്തുടർന്ന് മണിക്കൂറുകൾക്കകം നിർത്തിവെക്കേണ്ടിവന്നു.
കാലവർഷം ശക്തമാകുന്നതിന് മുമ്പേ റോഡ് ലെവൽ ചെയ്ത ഭാഗം ടാറിങ് പൂർത്തീകരിക്കുന്നതിനായി ദ്രുതഗതിയിലാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഉദയനഗറിൽ പാറപൊട്ടിച്ച് കയറ്റം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നു.
155 കോടി രൂപ ചെലവഴിച്ചാണ് മലയോര ഹൈവേ നിർമിക്കുന്നത്. കോടഞ്ചേരിയിൽ നിന്നാരംഭിച്ച് പുലിക്കയം, നെല്ലിപ്പൊയിൽ, പുല്ലൂരാംപാറ, പുന്നയ്ക്കൽ, കരിങ്കുറ്റി, പോസ്റ്റ് ഓഫീസ് ജങ്‌ഷൻ, കൂമ്പാറ, മേലെ കൂമ്പാറ, ആനക്കല്ലുംപാറ, അകമ്പുഴ, താഴെ കക്കാട്, കക്കാടംപൊയിൽ വരെയുള്ള റോഡ്‌നിർമാണച്ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ്. ആകെ പന്ത്രണ്ട് മീറ്റർ വീതിയുള്ള റോഡിന്റെ ഏഴ് മീറ്റർ ബി.എം.ബി.സി. നിലവാരത്തിലാണ് ടാർ ചെയുന്നത്.