വടകര ടൗണിൽ മൂന്നിടങ്ങളിൽ മേൽപ്പാത നിലവിൽവരും
വടകര: അഴിയൂർ മുതൽ വെങ്ങളം വരെയുള്ള ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുമ്പോൾ വടകര ടൗണിൽ മൂന്നിടങ്ങളിൽ മേൽപ്പാത നിലവിൽ വരും. പെരുവാട്ടുംതാഴ, അടക്കാത്തെരു ജങ്ഷൻ, നാരായണനഗരം ജങ്ഷൻ എന്നിവിടങ്ങളിലാണ് മേൽപ്പാതയുണ്ടാവുക. വടകര രണ്ടായി മുറിയാതിരിക്കാൻ വടകര ബൈപ്പാസിൽ പഴങ്കാവ് റോഡ് മുതൽ കരിമ്പനപ്പാലം വരെ മേൽപ്പാത വേണമെന്നതായിരുന്നു നേരത്തെ നഗരസഭയും വ്യാപാരി സംഘടനകളും ആവശ്യപ്പെട്ടിരുന്നത്. റോഡ് വികസനത്തിന്റെ വിശദപദ്ധതിറിപ്പോർട്ട് പുറത്തുവന്നതോടെ ഇത്തരമൊരു പാതയ്ക്ക് സാധ്യതയില്ലെന്ന് ഏതാണ്ടുറപ്പായി. ഇനി ഇതിൽ മാറ്റമുണ്ടാകാനും സാധ്യത കുറവാണ്. നഗരസഭ വീണ്ടും ഈ ആവശ്യമുയർത്തി ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയെ സമീപിക്കുന്നുണ്ട്.

മാഹി ബൈപ്പാസ് വന്നുചേരുന്ന അഴിയൂരിൽനിന്നാണ് അഴിയൂർ-വെങ്ങളം ദേശീയപാതാവികസനത്തിന്റെ ആരംഭം. ഇതിന്റെ പ്രവൃത്തി അദാനി ഗ്രൂപ്പ് കരാറെടുത്തുകഴിഞ്ഞു. സ്ഥലമെടുപ്പ് നടപടികൾ ഇപ്പോൾ ഊർജിതമായി നടക്കുന്നുണ്ട്. വടകരമേഖലയിൽ ആദ്യ മേൽപ്പാതയുള്ളത് കൈനാട്ടി ജങ്ഷനിലാണ്. നഗരപരിധിക്ക് പുറത്തുള്ള ഈ പാലം 70 മീറ്ററിലാണ് നിർമിക്കുന്നത്. ചോറോട് റെയിൽവേ മേൽപ്പാലത്തിനുസമീപം റോഡിൽ ഒരു അടിപ്പാതയുണ്ടാകും. നിലവിലുള്ള ചോറോട് മേൽപ്പാലത്തിനുസമീപം മൂന്നുവരിയിൽ പുതിയൊരു പാലം കൂടി വരും. പെരുവാട്ടുംതാഴ ജങ്ഷനിലാണ് അടുത്ത മേൽപ്പാലം. പിന്നീട് 70 മീറ്ററിൽ അടക്കാത്തെരു ജങ്ഷനിലും പുതിയസ്റ്റാൻഡ് പരിസരത്തും.

വടകര ബൈപ്പാസിൽ ലിങ്ക് റോഡ് ജങ്ഷനിൽ അടിപ്പാതയുണ്ടാകും. പിന്നെ കരിമ്പനപ്പാലത്ത് വലിയൊരു അടിപ്പാതയും പണിയും. പെരുവാട്ടുംതാഴ മുതൽ കരിമ്പനപ്പാലം വരെയുള്ള വടകര ബൈപ്പാസിൽ റോഡിന്റെ ഒരുവശത്തുനിന്നും മറുവശത്തേക്ക് കടക്കാൻ കഴിയുക അഞ്ചിടങ്ങളിൽ മാത്രമായിരിക്കും. നിലവിൽ 20-ഓളം റോഡുകൾ ബൈപ്പാസിലേക്ക് വന്നുചേരുന്നുണ്ട്. പെരുവാട്ടുംതാഴ മുതൽ കരിമ്പനപ്പാലം വരെ മേൽപ്പാത പണിയുമ്പോൾ പഴയ പാത നിലവിലുള്ളതുപോലെ ഉപയോഗിക്കാൻ കഴിയുമെന്നും വടകരയെ രണ്ടായി മുറിക്കില്ലെന്നുമായിരുന്നു നഗരസഭയും വ്യാപാരികളും മറ്റും ചൂണ്ടിക്കാട്ടിയത്.

സ്ഥലമേറ്റെടുപ്പിനും കെട്ടിടങ്ങളുടെ നഷ്ടപരിഹാരവിതരണത്തിനും വടകര ബൈപ്പാസിൽ മാത്രം ചെലവഴിക്കേണ്ട തുകപോലും മേൽപ്പാതനിർമാണത്തിന് വേണ്ടെന്നാണ് വ്യാപാരികൾ നേരത്തെ ചൂണ്ടിക്കാണിച്ചത്. ഇതിന്റെ കണക്കുസഹിതം ദേശീയപാതാ അതോറിറ്റിക്ക് നിവേദനം നൽകിയിരുന്നു.

ദേശീയപാത അതോറിറ്റിയിൽ സമ്മർദം ചെലുത്തണം

വടകര നഗരത്തെ രണ്ടായി ഭാഗിച്ചുകൊണ്ടുള്ള ദേശീയപാത വികസനത്തിൽ ഭേദഗതി വരുത്താൻ ദേശീയപാത അതോറിറ്റിയിൽ സമ്മർദം ചെലുത്താൻ നഗരസഭ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ദേശീയപാതാ അതോറിറ്റിക്ക് നിവേദനവും നൽകി. നഗരസഭാ ചെയർപേഴ്‌സൺ കെ.പി. ബിന്ദുവിന്റെ നേതൃത്വത്തിൽ നഗരസഭാ എൻജിനിയറിങ് വിഭാഗം ദേശീയപാതാ അതോറിറ്റി അധികൃതരുമായി ചർച്ചനടത്തി. പഴങ്കാവ് റോഡ് മുതൽ കരിമ്പനപ്പാലം വരെയുള്ള ഭാഗം കോൺക്രീറ്റ് പില്ലറുകളും ഗർഡറുകളും ഉപയോഗിച്ചുള്ള നിർമാണരീതി അവലംബിക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടു.
Previous Post Next Post