ബ്ലാക്ക് ഫംഗസ് മരുന്നിന് ഉയർന്നവില; പരിശോധിക്കുമെന്ന് മുഖ്യമന്ത്രിബ്ലാക്ക് ഫംഗസിന് ഉയർന്ന വില ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പലയിടങ്ങളിലും ബ്ലാക്ക് ഫംഗസ് മരുന്നുകൾക്ക് പല വിലയാണ് ഈടാക്കുന്നത്. ഇത് പ്രത്യേകം പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജൂൺ 15നകം സംസ്ഥാനത്തിൻ്റെ പക്കലുള്ള വാക്സിൻ നൽകിത്തീർക്കും. ജൂൺ ആദ്യവാരം തന്നെ കൂടുതൽ വാക്സിനുകൾ ലഭിക്കുമെന്ന് വിശ്വസിക്കുന്നു. കിട്ടിയാൽ വാക്സിനേഷൻ നടപടികൾ ഊർജിതമാക്കും. വയോജന കേന്ദ്രങ്ങളിലും വാക്സിൻ വിതരണം നടത്തും. കിടപ്പ് രോഗികളായവർക്ക് വാക്സിൻ നൽകാൻ പ്രത്യേക ശ്രദ്ധ നൽകും. നവജാത ശിശുക്കൾക്ക് കൊവിഡ് ബാധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക്ഡൗൺ വിജയകരമാണ്. എല്ലാ മാനദണ്ഡങ്ങളും പാലിക്കപ്പെട്ടാലേ ലോക്ക്ഡൗൺ ഒഴിവാക്കിയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയൂ. അതല്ലെങ്കിൽ രോഗവ്യാപനം വർധിക്കും. അത് നിയന്ത്രണാതീതമായി ആരോഗ്യ സംവിധാനത്തിന് ഉൾക്കൊള്ളാവുന്നതിലും അപ്പുറമായാൽ മരണസംഖ്യ വർധിക്കും. ജനജീവിതം അപകടത്തിലാവാതിരിക്കാനാണ് ലോക്ക്ഡൗൺ വർധിപ്പിക്കുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Previous Post Next Post