കെ.എ.പി. ആറാം ബറ്റാലിയൻ: മുതുകാട്ടെ സ്ഥലം അനുയോജ്യമെന്ന് എസ്.പി.
പെരുവണ്ണാമൂഴി: ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്തിലെ മുതുകാടിനുസമീപം സീതപ്പാറയിൽ കെ.എ.പി. ആറാം ബറ്റാലിയൻ ആസ്ഥാനം സ്ഥാപിക്കാൻ പരിഗണിക്കുന്ന സ്ഥലം ബറ്റാലിയൻ കമാൻഡന്റ് എസ്.പി. സുജിത്ത് ദാസ് സന്ദർശിച്ചു. സ്ഥലം അനുയോജ്യമാണെന്ന റിപ്പോർട്ട് സമർപ്പിക്കുമെന്ന് എസ്.പി. പഞ്ചായത്ത് അധികൃതരെ അറിയിച്ചു. അസിസ്റ്റന്റ് കമാൻഡിങ്‌ ഓഫീസർ ദേവകിദാസ്, സി.ഐ. സൂരജ് കുമാർ, ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ കെ.സുനിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.

മുതുകാട് ടൗണിൽനിന്ന്‌ മൂന്നുകിലോമീറ്റർ ദൂരത്തിലുള്ള 50 ഏക്കർ സ്ഥലം ബറ്റാലിയന് നൽകുന്നതാണ് പരിഗണിക്കുന്നത്. സീതപ്പാറ ഭാഗത്ത് 202 ഏക്കർ ഭൂമി നേരത്തേ ആദിവാസികുടുംബങ്ങൾക്ക് കൈമാറാൻ മാറ്റിവെച്ചിരുന്നു. ഇതിൽ ഭൂമി നൽകാൻ തീരുമാനിച്ചവരിൽ ഒമ്പതുപേർമാത്രമാണ് താമസിക്കാൻ എത്തിയത്. ഇവർക്ക് കൈമാറിയ ഒമ്പതേക്കർ കഴിഞ്ഞുള്ള ഭൂമി റവന്യൂ വിഭാഗത്തിന്റെ അധീനതയിലാണുള്ളത്. ഈ സ്ഥലമാണ് ബറ്റാലിയൻ ആസ്ഥാനത്തിനായി ഉദ്ദേശിക്കുന്നത്.
Previous Post Next Post