കോഴിക്കോട്: പുതിയ നിയമസഭ അധികാരത്തിലേറിയിട്ട് ആദ്യ ബജറ്റ് പ്രഖ്യാപനം കാതോർത്തിരിക്കുകയാണ് എല്ലാവരും. കോവിഡ് അടക്കം മഹാമാരികൾ നിരന്തരം നേരിടേണ്ടിവന്നതിനാൽ ബജറ്റിൽ ആരോഗ്യമേഖലക്ക് ഊന്നൽ നൽകുമെന്ന പ്രതീക്ഷയിലാണ് വകുപ്പ്. കോഴിക്കോട് മെഡിക്കൽ കോളജിനും നിരവധി ആവശ്യങ്ങളുണ്ട്. ബജറ്റിൽ ആവശ്യങ്ങളെല്ലം നിറവേറ്റുമെന്ന പ്രതീക്ഷയിലാണ് മെഡിക്കൽ കോളജ്.
മാലിന്യസംസ്കരണം
എല്ലാ കാലവും മെഡിക്കൽ കോളജിന് തലവേദനയാണ് മാലിന്യം. ദിനേന ഉണ്ടാകുന്ന മാലിന്യം സംസ്കരിക്കാനായി ചെറിയ ഇൻസിനറേറ്ററാണ് നിലവിലുള്ളത്. ബയോ മെഡിക്കൽ മാലിന്യങ്ങളും കോവിഡ് മാലിന്യങ്ങളുമെല്ലാം പാലക്കാേട്ടക്കാണ് കൊണ്ടുപോകുന്നത്. മാത്രമല്ല, മെഡിക്കൽ കോളജിലെ ഇൻസിനറേറ്ററാണെങ്കിൽ ഇടക്കിടെ കേടാവുകയും ചെയ്യുന്നുണ്ട്. ബയോ മെഡിക്കൽ മാലിന്യങ്ങളടക്കം സംസ്കരിക്കാൻ സാധിക്കുന്ന ഇൻസിനറേറ്റർ മെഡിക്കൽ കോളജിെൻറ ചിരകാല സ്വപ്നമാണ്. കൂടാതെ, നിലവിൽ മാലിന്യങ്ങൾ പലസ്ഥലങ്ങളിലായി കൂട്ടിയിടുകയും അത് നായ്ക്കൾ കടിച്ചുവലിക്കുകയുമാണ്. ഒരു മാലിന്യശേഖരണകേന്ദ്രം നിർമിച്ച് അവിടെനിന്ന് മാലിന്യങ്ങൾ തരംതിരിക്കാൻ സൗകര്യമൊരുക്കണമെന്നതാണ് മറ്റൊരു ആവശ്യം.
ഒന്നാം വർഷ വിദ്യാർഥികൾക്ക് ഹോസ്റ്റൽ
എം.ബി.ബി.എസിന് പഠിക്കുന്ന ഒന്നാം വർഷ വിദ്യാർഥികൾക്ക് താമസസൗകര്യം ലഭ്യമാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. 250ഓളം വരുന്ന വിദ്യാർഥികൾ സ്വകാര്യ ഹോസ്റ്റലുകളെയാണ് ആശ്രയിക്കുന്നത്. പെൺകുട്ടികൾ അടക്കം ഹോസ്റ്റലുകൾ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന അവസ്ഥയും ഉണ്ട്. ഒന്നാം വർഷക്കാർക്കും ഹോസ്റ്റൽ സൗകര്യമൊരുക്കണമെന്ന് വിദ്യാർഥികൾ ആവശ്യമുന്നയിച്ചിരുന്നു.
ആവശ്യമാണ് പുതിയ വകുപ്പുകൾ
ഉത്തര കേരളത്തിലെ പ്രധാന ആശുപത്രിയാണെങ്കിലും ഹെമറ്റോളജി, ഓങ്കോളജി, ഫാമിലി മെഡിസിൻ, എമർജൻസി മെഡിസിൻ തുടങ്ങിയ വകുപ്പുകളൊന്നും ആശുപത്രിയിൽ ഇല്ല. എല്ലാ വിഭാഗങ്ങളും പേരിന് പ്രവർത്തിക്കുന്നുണ്ട്. ഡിപ്പാർട്മെൻറായി തുടങ്ങി പി.ജി കോഴ്സ് ഉൾപ്പെടെ നടത്തുന്ന സംവിധാനമാണ് ആവശ്യം. എന്നാൽ, ഒരു ഡോക്ടറും കുറച്ച് വിദ്യാർഥികളും മാത്രമുള്ള താൽക്കാലിക സംവിധാനമാണ് എല്ലാ വിഭാഗങ്ങൾക്കുമുള്ളത്. ഇത് പലപ്പോഴും വിഭാഗങ്ങളിലെ കോഴ്സുകൾക്ക് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിക്കുന്നതിനുപോലും വിഘാതമാകുന്നുണ്ട്.
വേണം കൂടുതൽ ജീവനക്കാർ
മെഡിക്കൽ കോളജിൽ രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു. നിരവധി അനുബന്ധ ആശുപത്രികൾ വന്നു. എന്നിട്ടും ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ജീവനക്കാരെല്ലാം 1987ലെ സ്റ്റാഫ് പാറ്റേൺ പ്രകാരമുള്ളവരാണ്. ആശുപത്രിയിൽ വന്ന വികസനത്തിനനുസരിച്ച് സ്റ്റാഫ് പാറ്റേണിൽ മാറ്റം വന്നിട്ടില്ല.
സൂപ്പർ സ്പെഷാലിറ്റി ആശുപത്രി, ത്രിതല കാൻസർ സെൻറർ എന്നിവ പ്രവർത്തനം തുടങ്ങിയിട്ടും അവിടേക്കൊന്നും വേണ്ട ജീവനക്കാരില്ല. പി.എം.എസ്.എസ്.വൈ ബ്ലോക്ക് പ്രവർത്തനം തുടങ്ങാൻ തയാറായി നിൽക്കുന്നു. പുതിയ സംവിധാനങ്ങൾ ഒരുങ്ങുമ്പോൾ മെഡിക്കൽ കോളജിലെ ആകെ ജീവനക്കാരെ ഓരോ ഇടങ്ങളിലേക്ക് മാറ്റി ഒപ്പിക്കുകയും ബാക്കി താൽക്കാലിക ജീവനക്കാരെ നിയമിക്കുകയുമാണ് ചെയ്യുന്നത്. കൂടുതൽ തസ്തികകൾ രൂപവത്കരിച്ച് ജീവനക്കാരെ നിയമിച്ചാൽ മാത്രമേ ആശുപത്രിയുടെ പ്രവർത്തനം സുഗമമാകൂ.
ഓക്സിജൻ പ്ലാൻറ്
കോവിഡ് മഹാമാരിയുടെ രണ്ടാം ഘട്ടത്തിൽ ഓക്സിജനുവേണ്ടിയുള്ള നെട്ടോട്ടമാണ് ഉണ്ടായിരുന്നത്. മെഡിക്കൽ കോളജ് പി.എം.എസ്.എസ്.വൈ ബ്ലോക്കിലേക്ക് ഓക്സിജൻ ലഭ്യമാക്കാനായി താൽക്കാലിക ടാങ്ക് ഒരുക്കുകയാണുണ്ടായത്. പുതിയ കാലത്തിെൻറ ആവശ്യമായി ആശുപത്രിക്ക് ഉന്നയിക്കാനുള്ളത് ഓക്സിജൻ പ്ലാൻറാണ്. കൂടാതെ, കൂടുതൽ ഓക്സിജൻ സൂക്ഷിക്കാനുള്ള സംഭരണിയും ആശുപത്രിയുടെ മുഴുവൻ കിടക്കകൾക്കും ഓക്സിജൻ സൗകര്യവുമാണ് വേണ്ടത്.
മാസ്റ്റർ പ്ലാൻ
മെഡിക്കൽ കോളജിെൻറ അടിസ്ഥാനസൗകര്യ വികസനം ഉൾപ്പെടെ ഉൾക്കൊള്ളിച്ചുകൊണ്ട് തയാറാക്കിയ മാസ്റ്റർ പ്ലാനിന് ബജറ്റിൽ പ്രാമുഖ്യം ലഭിക്കുമെന്നാണ് കരുതുന്നത്. നേരേത്ത, മാസ്റ്റർ പ്ലാൻ പ്രകാരം നിർമിക്കുന്ന ഒ.പി േബ്ലാക്ക് കെട്ടിടത്തിന് 290 കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു. കിഫ്ബിയിൽനിന്ന് ഫണ്ട് അനുവദിക്കുമെന്നാണ് അറിയിച്ചത്. ഇന്ത്യൻ കോഫി ഹൗസ്, പോസ്റ്റ് ഓഫിസ് തുടങ്ങിയവ പ്രവർത്തിക്കുന്ന സ്ഥലത്താണ് ഏഴു നിലകളോടുകൂടിയ ഒ.പി േബ്ലാക്ക് കെട്ടിടം നിർമിക്കുക.
Tags:
Budget