കോഴിക്കോട് - കൊച്ചി ദൂരം 40 കി.മീ. കുറയ്ക്കാൻ തീരദേശ പാതയ്ക്ക് നിർദേശം



കൊച്ചി: കോഴിക്കോടിനെ കൊച്ചിയുമായി ബന്ധിപ്പിക്കുന്ന തീരദേശ റോഡ് വികസനത്തിനുള്ള നിർദേശം സർക്കാർ പരിഗണിക്കുന്നു.

യു.എ.ഇ. ആസ്ഥാനമായുള്ള പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ് ചെയർമാൻ കെ.വി. ഷംസുദ്ദീൻ സമർപ്പിച്ച നിർദേശങ്ങൾക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അനുകൂല പ്രതികരണമാണ് ലഭിച്ചത്. ബേപ്പൂരിനും ചാലിയത്തിനും ഇടയിൽ ചാലിയാറിലൂടെയുള്ള ജങ്കാർ സർവീസ് വാഹന യാത്രക്കാർ അടക്കം നിരവധി പേർ ഉപയോഗിക്കുന്നുണ്ട്.

ഇൗ ഭാഗത്ത് ജങ്കാറിനു പകരം പാലം നിർമിച്ചാൽ തീരദേശ റോഡ് യാഥാർത്ഥ്യമാകും. കോഴിക്കോട് ബീച്ചിലുള്ള കോതി പാലത്തിനെ ബേപ്പൂരിലെ പാലവുമായി ബന്ധിപ്പിക്കണം. അത്തരത്തിൽ തീരദേശ പാത വന്നാൽ പൊന്നാനിയിലെ ദേശീയപാത 66-ൽ ചേരുകയും ചാവക്കാട്, കൊടുങ്ങല്ലൂർ, വൈപ്പിൻ എന്നിവിടങ്ങളിലൂടെ കൊച്ചിയിലെത്തുകയും ചെയ്യും. അതുവഴി കോഴിക്കോടിനും കൊച്ചിക്കുമിടയിലുള്ള റോഡ് ദൂരം 40 കിലോമീറർ ലാഭിക്കാമെന്നും ഷംസുദ്ദീൻ പറഞ്ഞു.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മേയ് 25-ന് മുഖ്യമന്ത്രിക്ക് നിർദേശം അയച്ചിരുന്നു. തൊട്ടടുത്ത ദിവസം തന്നെ തുടർ പരിഗണനയ്ക്കായി ചീഫ് സെക്രട്ടറിക്ക് കൈമാറിയതായി മറുപടി ലഭിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിലും ഈ നിർദേശം കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീരദേശ ഹൈവേ വികസിപ്പിക്കുന്നതിനായി നിലവിലുള്ള പൊതുമരാമത്ത് വകുപ്പ് റോഡ് നവീകരിക്കുകയോ വീതി കൂട്ടുകയോ ചെയ്യാം.

താനൂർ, തിരൂർ, പൊന്നാനി, ഗുരുവായൂർ, നാട്ടിക, കൊടുങ്ങല്ലൂർ, വൈപ്പിൻ, എറണാകുളം നിയോജകമണ്ഡലങ്ങൾക്കും പദ്ധതി ഗുണം ചെയ്യുമെന്നും ഷംസുദ്ദീൻ ചൂണ്ടിക്കാട്ടുന്നു.
Previous Post Next Post