സമഗ്ര ഭിന്നശേഷി ശാക്തീകരണം ലക്ഷ്യമിട്ട് എനേബ്ളിംഗ് കോഴിക്കോട് രണ്ടാം വർഷത്തിലേക്ക്



  • ജില്ലയിൽ ഭിന്നശേഷിക്കാർക്കായി മൂന്ന് ഡിസബിലിറ്റി മാനേജ്മെൻറ് സെൻറുകൾ

ഭിന്നശേഷിക്കാർക്ക് കരുത്തും കരുതലുമായി  സമഗ്ര ഭിന്നശേഷി ശാക്തീകരണ പദ്ധതിയായ എനേബ്ളിംഗ് കോഴിക്കോട് രണ്ടാം വർഷത്തിലേക്ക്. ജില്ലാ ഭരണകൂടത്തിൻ്റെയും സാമൂഹ്യനീതി വകുപ്പിൻ്റെയും നേതൃത്വത്തിൽ  വിവിധ സർക്കാർ-സർക്കാരിതര വകുപ്പുകൾ, ഏജൻസികൾ, ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഭിന്നശേഷിയുള്ളവർക്ക് സമഗ്ര ചികിത്സാ പുനരധിവാസ സേവനങ്ങൾ വേഗത്തിലും കാര്യക്ഷമമായും  ലഭ്യമാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടുകൂടി മൂന്ന് സാമൂഹ്യാധിഷ്ഠിത  ഡിസബിലിറ്റി മാനേജ്മെൻറ് സെന്ററുകൾ ജില്ലയിൽ ഉടൻ പ്രവർത്തനമാരംഭിക്കും. കോടഞ്ചേരി, നരിക്കുനി, കുന്നുമ്മൽ ബ്ലോക്കുകളിൽ ആണ് സി.ഡി.എം.സികൾ ആരംഭിക്കുന്നത്‌.

വളർച്ചാ വൈകല്യങ്ങളെ നേരത്തേ കണ്ടെത്തുക,  ചികിത്സ പുനരധിവാസ സേവനങ്ങൾ സാമൂഹ്യ അധിഷ്ഠിത കേന്ദ്രങ്ങൾ വഴി  ലഭ്യമാക്കുക, ജില്ലയിലെ മുഴുവൻ കെട്ടിടങ്ങളും പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുക,  ആരോഗ്യം, വിദ്യാഭ്യാസം സാമൂഹ്യക്ഷേമം, അവകാശ സംരക്ഷണം  എന്നിവ ഉറപ്പുവരുത്താൻ ആവശ്യമായ  നൂതന പദ്ധതികളുടെ ഏകോപനം എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ശാസ്ത്രീയമായ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനു വേണ്ടി ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്തുകൾ,  കുടുംബശ്രീ എന്നിവരുമായി സഹകരിച്ച്  മോഡൽ ബഡ്സ്  സ്കൂൾ സ്ഥാപിക്കാനും നിലവിലുള്ളവയെ നവീകരിക്കാനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ആറ് മോഡൽ ബഡ്സ് സ്കൂളുകൾക്കാണ് അനുമതി ലഭിച്ചത്. ഇതിൽ  മൂന്നെണ്ണത്തിന്റെ പ്രവൃത്തി ആരംഭിച്ചു. ബാക്കിയുള്ളവ ടെണ്ടർ ഘട്ടത്തിലാണ്. ജില്ലാപഞ്ചായത്തിന്റെ ബ‍‍ഡ്സ് വൊക്കേഷണൽ സെന്ററിന്  ഫണ്ട് വകയിരുത്തിയിട്ടുണ്ട്.  ഭിന്നശേഷി ശാക്തീകരണ പദ്ധതികൾ ഏകോപിപ്പിച്ച് കാര്യക്ഷമമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ  പി.ഡബ്ല്യു.ഡി. വെൽഫെയർ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ഇവയുടെ പ്രവർത്തനവും ശക്തിപ്പെടുത്തും.  നിർവ്വഹണ ഉദ്യോഗസ്ഥർക്ക് ആവശ്യമായ വിവിധ പരിശീലന പരിപാടികളും നൽകി വരികയാണ്.
Previous Post Next Post