പേരാമ്പ്ര ബൈപ്പാസ് റോഡ് നിർമാണം തുടങ്ങി


പേരാമ്പ്ര: ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള പേരാമ്പ്ര ബൈപ്പാസ് റോഡ് നിർമാണത്തിന് തുടക്കം. കുറ്റ്യാടി-കോഴിക്കോട് പാതയിൽ കക്കാട് നിന്ന് തുടങ്ങി പേരാമ്പ്ര എൽ.ഐ.സി.ക്ക് സമീപം എത്തുന്ന വിധത്തിൽ 2.73 കിലോമീറ്റർ ദൂരത്തിലാണ് ബൈപ്പാസ് വരുന്നത്. 12 മീറ്റർ വീതിയിലുള്ള പാതയിൽ ഏഴ് മീറ്റർ വീതിയിൽ ടാറിങ്ങുണ്ടാകും.

മേഞ്ഞാണ്യം, എരവട്ടൂർ വില്ലേജിലെ 3.7534 ഹെക്ടർ സ്വകാര്യ ഭൂമി ബൈപ്പാസിനായി ഏറ്റെടുക്കേണ്ടി വന്നിരുന്നു. കക്കാട് ഭാഗത്തുനിന്നാണ് ബുധനാഴ്ച രാവിലെ പ്രവൃത്തി തുടങ്ങിയത്. ടി.പി. രാമകൃഷ്ണൻ എം.എൽ.എ.യുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു തുടക്കം.


ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് റോഡ് നിർമാണം കരാറെടുത്തത്. സ്ഥലമെടുക്കുന്നതിന് ഉൾപ്പെടെ 99.15 കോടിയുടെ ബൈപ്പാസ് പദ്ധതിക്ക് കിഫ്ബി അംഗീകാരം നൽകിയിരുന്നു. 18.58 കോടിയാണ് റോഡ് നിർമാണത്തിന് മാത്രമുള്ള അടങ്കൽ. ഫെബ്രുവരി 14-ന് നിർമാണ ഉദ്ഘാടനം മന്ത്രി ജി.സുധാകരൻ ഓൺലൈനിൽ നിർവഹിച്ചിരുന്നു. ടെൻഡർ നടപടി അതിനുശേഷമാണ് പൂർത്തിയായത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി അധ്യക്ഷൻ ശശികുമാർ പേരാമ്പ്ര, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ വിനോദ് തിരുവോത്ത്, പി. ജോന, എൻ.കെ. സൽമ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ ഇ.എ. യൂസഫ്, യു.എൽ.സി.സി. ഉദ്യോഗസ്ഥർ എന്നിവരും പ്രവൃത്തി തുടങ്ങുന്നതിന്‌ സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.

വർഷങ്ങളുടെ കാത്തിരിപ്പിനവസാനം

പേരാമ്പ്ര ബൈപ്പാസിനായുള്ള ശ്രമം 12 വർഷം മുമ്പേ തുടങ്ങിയിരുന്നു. അടങ്കൽ തയ്യാറാക്കി ഫണ്ട് അനുവദിച്ചെങ്കിലും സ്ഥലമെടുപ്പിനെതിരേ പ്രതിഷേധമുണ്ടായതോടെ നടപ്പാക്കാൻ വൈകി. ഹൈക്കോടതിയുടെ ഇടപടലിനെത്തുടർന്ന് പ്ലാനിൽ മാറ്റം വരുത്തിയാണ് പിന്നീട് വീണ്ടും നടപ്പാക്കാൻ ശ്രമം തുടങ്ങിയത്. സർക്കാർ ബജറ്റിൽ രണ്ട് തവണയായി 30 കോടിയോളം രൂപ ഇതിനായി വകയിരുത്തി. ഏറ്റെടുക്കേണ്ട സ്ഥലത്തിൽ 3.68 ഹെക്ടർ നിലമാണ്. ഇതുപയോഗിക്കാനുള്ള അനുമതിക്കായി തണ്ണീർത്തട പരിശോധന നടക്കാനുണ്ടായിരുന്നു. വിദഗ്‌ധ സംഘത്തിന്റെ സ്ഥലപരിശോധനയ്ക്കും കൃഷിവകുപ്പിന്റെ ഉത്തരവിറങ്ങാനും ഒന്നര വർഷത്തോളം കാലതാമസമുണ്ടായി. 2016 ഡിസംബറിലാണ് ഇതിനുള്ള അനുമതി ലഭിച്ചത്. പിന്നീടാണ് കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി നിർമിക്കാൻ തീരുമാനിച്ചത്. പ്രവൃത്തി തുടക്കം കക്കാട്ട് നിന്ന്

Previous Post Next Post