
കൂരാച്ചുണ്ട്: വിനോദസഞ്ചാരവികസനം ലക്ഷ്യമിട്ട് കക്കയം പഞ്ചവടി മേഖലയിൽ എട്ടേക്കർ മുളങ്കാടുകളിൽ നടപ്പാക്കുന്ന ഇല്ലിത്തോട്ടം ടൂറിസം പദ്ധതിക്ക് പുതുജീവൻ. ഉത്തരവാദിത്വ ടൂറിസത്തിന്റെ സാധ്യതകൾ പരിഗണിക്കുന്നതിന്റെ ഭാഗമായി എം.എൽ.എ. സച്ചിൻദേവ് സ്ഥലം സന്ദർശിച്ചു. മുളകൊണ്ടുള്ള ചെറുനിർമിതികൾ ഇല്ലിത്തോട്ടത്തെ കൂടുതൽ മനോഹരമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
റെസ്റ്റോറന്റ്, വർക്ക്‌ഷോപ്പ്, നടപ്പാതകൾ, ക്രാഫ്റ്റ് ഷോപ്പ്, ശൗചാലയം, ഇരിപ്പിടങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് മുളങ്കാടുകൾ വിനോദസഞ്ചാരയോഗ്യമാക്കാനുള്ള മൂന്നുകോടി രൂപയുടെ പദ്ധതി കഴിഞ്ഞവർഷം അംഗീകാരത്തിന് സമർപ്പിച്ചിരുന്നു.
കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമായിട്ടുള്ള ഇല്ലിപാർക്കിൽ ഉത്തരവാദിത്വ ടൂറിസത്തിന്റെ സാധ്യതകൾകൂടി പരിഗണിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തുന്ന കാര്യം ആലോചനയിലാണ്. ഇതിന്റെ തുടക്കം എന്ന നിലയിലാണ് എം.എൽ.എ.യുടെ സന്ദർശനം. സി.പി.എം. ലോക്കൽ സെക്രട്ടറി വി.ജെ. സണ്ണി, റജീന, ആൻറണി വിൽസൺ, അരുൺ കെ.ജി. എന്നിവരും എം.എൽ.എ.യുടെ കൂടെയുണ്ടായിരുന്നു.
Tags:
Tourism