പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിന്നും നീക്കം ചെയ്യാൻ നടപടി




ജില്ലയില്‍ പിടിച്ചെടുത്തതും  ഉപേക്ഷിച്ചതുമായ വാഹനങ്ങള്‍ റോഡുകളില്‍ നിന്നും പൊതു സ്ഥലങ്ങളില്‍ നിന്നും നീക്കം ചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്ഥീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു. ദുരന്തനിവാരണ നിയമത്തിലെ  26, 34  വകുപ്പുകള്‍ പ്രകാരമാണ് നടപടി.

റോഡുകളിലും തെരുവുകളിലും വാഹനങ്ങള്‍ ദീർഘകാലം പാര്‍ക്ക് ചെയ്യുന്നതും ഉപേക്ഷിക്കുന്നതും മറ്റ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും  വെല്ലുവിളിയാണ്. ഇതു കാരണം ജില്ലയില്‍  നിരവധി റോഡപകടങ്ങള്‍ ഉണ്ടാകുന്നുമുണ്ട്.    വാഹനങ്ങളുടെ ബാറ്ററികള്‍, ടയറുകള്‍, പെയിന്റ്, മറ്റ് ഭാഗങ്ങള്‍ എന്നിവ ക്ഷയിക്കാന്‍ തുടങ്ങുമ്പോള്‍ പരിസ്ഥിതിക്കും ഹാനികരമാണ്.

റോഡിനു വശങ്ങളിലായി  ഉപേക്ഷിക്കപ്പെട്ട എല്ലാ വാഹനങ്ങളും നീക്കം ചെയ്യാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍  സബ് കളക്ടര്‍, വടകര റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തി. ചെലവുകള്‍ റോഡ് സുരക്ഷാ ഫണ്ടില്‍ നിന്ന് വഹിക്കും.
ജപ്തി ചെയ്‌തെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങള്‍ തഹസില്‍ദാര്‍മാര്‍ കണ്ടെത്തണം.

വാഹനങ്ങള്‍ മാറ്റുന്നതിനു മുമ്പ് വിശദമായ മഹസര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ തയ്യാറാക്കും. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അവ നീക്കം ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് സമര്‍പ്പിക്കും.  പിടിച്ചെടുത്തതോ കണ്ടുകെട്ടിയതോ ആയ എല്ലാ വാഹനങ്ങളും മൂന്ന് മാസത്തിനുള്ളില്‍ നീക്കം ചെയ്യപ്പെട്ടുവെന്ന് നിരീക്ഷിക്കുകയും ഉറപ്പാക്കുകയും ചെയ്യേണ്ടത് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവാദിത്തമാണ്.  ആവശ്യമായ പോലീസ് സഹായം  നല്‍കാന്‍ ജില്ലാ പോലീസ് മേധാവിമാരോടും നിര്‍ദ്ദേശിച്ചു.
Previous Post Next Post