പാർക്കിൻ്റെ രൂപരേഖ |
രാമനാട്ടുകര: രാമനാട്ടുകരയുടെ മുഖച്ഛായ മാറ്റുന്ന കിൻഫ്ര ടെക്നോളജി പാർക്ക് ബഹുനില കെട്ടിടനിർമാണം പുരോഗമിക്കുന്നു. ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ രാമനാട്ടുകര പുവ്വനൂർ പള്ളിക്കു സമീപം നിർമിക്കുന്ന കെട്ടിടം മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കും. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ പാർക്ക് ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കിൻഫ്ര മാനേജർ കെ.എസ് കിഷോർകുമാർ പറഞ്ഞു. ഇത് ലക്ഷ്യംവെച്ചാണ് നിർമാണം.
2017 ജൂൺ 15-ന് അന്നത്തെ വ്യവസായ മന്ത്രി എ.സി. മൊയ്തീൻ തറക്കല്ലിട്ട കെട്ടിടത്തിന്റെ നിർമാണച്ചെലവ് 29 കോടി രൂപയാണ്. കെട്ടിടത്തിന്റെ വയറിങ്, പ്ലംബിങ്, അടിത്തറ ടൈൽ പാകൽ എന്നിവ പൂർത്തിയായി. അഞ്ചുനില കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽമാത്രമാണ് ഇനി ടൈൽസ് പതിക്കാനുള്ളത്. മൂന്നു ലിഫ്റ്റുകൾ, അഗ്നി പ്രതിരോധ സംവിധാനം, എയർ കണ്ടിഷണർ എന്നിവയുടെ നിർമാണം നടന്നുകൊണ്ടിരിക്കുന്നു. കെട്ടിടത്തിലേക്കാവശ്യമായ വൈദ്യുതിക്കുവേണ്ടി 800 കെ.വിയുടെ രണ്ടു ട്രാൻസ്‌ഫോർമറുകൾ എത്തിച്ചിട്ടുണ്ട്. 320 കെ.വി, 62.5 കെ.വി. എന്നിങ്ങനെ യുള്ള രണ്ടു ജനറേറ്ററുകളും സ്ഥാപിക്കുന്നുണ്ട്. രണ്ടര ലക്ഷം ലിറ്റർ ശേഷിയുള്ള മഴവെള്ള സംഭരണിയാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. കെട്ടിടത്തിൽനിന്നുള്ള മഴവെള്ളം ശേഖരിച്ച് ശുദ്ധീകരിച്ച് ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഐ.ടി., ഐ.ടി. ഇതര വ്യവസായങ്ങൾക്കുവേണ്ടിയാണ് ബഹുനില കെട്ടിടം നിർമിക്കുന്നത്. 700 പേർക്ക് നേരിട്ടും 2000 പേർക്ക് പരോക്ഷമായും ജോലിസാധ്യത ഉണ്ട്. രാമനാട്ടുകര നഗര സഭയിൽപ്പെട്ട 78 എക്കർ ഭൂമി 2009-ലാണ് കിൻഫ്ര ടെക്നോളജി പാർക്കിനുവേണ്ടി സർക്കാർ ഏറ്റെടുത്തത്. 2010 ഓഗസ്റ്റിൽ അന്നത്തെ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ടെക്നോളജി പാർക്കിന് തറക്കല്ലിട്ടെങ്കിലും ഏഴുവർഷം കഴിഞ്ഞിട്ടും നിർമാണം തുടങ്ങിയില്ല.
പിന്നീട് 2017 ജൂണിൽ കെട്ടിടത്തിന്റെ തറക്കല്ലിട്ടപ്പോൾ പറഞ്ഞത് 18 മാസംകൊണ്ട് പണി പൂർത്തിയാക്കുമെന്നായിരുന്നു. 2018-19 കാലത്തെ പ്രളയം, തുടർന്ന് കോവിഡ് എന്നിവ കാരണം കെട്ടിടനിർമാണത്തിന് കാലതാമസം നേരിട്ടു. ടെക്നോളജി പാർക്കിനുവേണ്ടി സ്ഥലം ഏറ്റെടുത്തപ്പോൾ നഷ്ടപരിഹാരം കുറഞ്ഞെന്നു പറഞ്ഞു നൽകിയ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.