കോരപ്പുഴപ്പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടും മാസങ്ങൾ കഴിഞ്ഞിട്ടും ഗതാഗതയോഗ്യമാവാതെ സർവ്വീസ് റോഡ്



എലത്തൂർ: കോരപ്പുഴപ്പാലം ഗതാഗതത്തിനായി തുറന്നുകൊടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും പാലത്തിന്റെ എലത്തൂർഭാഗത്തെ സർവീസ് റോഡിന്റെ നവീകരണം നടക്കാത്തതിനാൽ യാത്രാദുരിതം.

റോഡിലെ വൈദ്യുതത്തൂണുകളും ട്രാൻസ്ഫോർമറും മാറ്റിസ്ഥാപിക്കാനുള്ള നടപടി നീളുന്നതാണ് നവീകരണത്തിന് തടസ്സം. പലതവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടികളുണ്ടാവാതെ വന്നതോടെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റി താത്‌കാലികമായി പണി ഉപേക്ഷിച്ചു.

സമീപനറോഡ് നിർമിച്ചതിനെത്തുടർന്നാണ് സർവീസ് റോഡിന്റെ വീതിനഷ്ടപ്പെട്ട് ഗതാഗതതടസ്സം നേരിട്ടത്. രണ്ടുവർഷത്തിലധികമായി ഈ വഴി ഗതാഗതയോഗ്യമല്ല. ഒട്ടേറെ കുടുംബങ്ങൾ ദിവസേന ആശ്രയിക്കുന്ന നൂറിലേറെവർഷം പഴക്കമുള്ള റോഡാണിത്.

ട്രാൻസ്ഫോർമറും വൈദ്യുതത്തൂണും മാറ്റിസ്ഥാപിക്കുന്നതിന് 7.58000 രൂപ ചെലവ് പ്രതീക്ഷിക്കുന്ന എസ്റ്റിമേറ്റ് ദേശീയപാതാ അതോറിറ്റിക്ക് നൽകിയിരുന്നെങ്കിലും ഫണ്ട് ലഭിച്ചില്ലെന്നാണ് കെ.എസ്.ഇ.ബി. വ്യക്തമാക്കുന്നത്. അടിയന്തരപരിഹാരം ആവശ്യപ്പെട്ട് കോർപ്പറേഷൻ കൗൺസിലിൽ വിഷയമവതരിപ്പിച്ചിട്ടുണ്ടെന്ന്‌ കൗൺസിലർ മാങ്ങാറിയിൽ മനോഹരൻ പറഞ്ഞു.
Previous Post Next Post