തിരുവനന്തപുരം:മാലിന്യത്തിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി യൂണിറ്റിന് 6.81 രൂപയ്ക്കു കെഎസ്ഇബി വാങ്ങും. വൈദ്യുതി നിരക്കിന്റെ കാര്യത്തിൽ കെഎസ്ഇബിയും പ്ലാന്റ് നിർമിക്കുന്ന മലബാർ വേസ്റ്റ് മാനേജ്മെന്റ് കമ്പനിയും ധാരണയിലെത്തി.
നിരക്ക് തീരുമാനമാകാത്തതിനാൽ പ്ലാന്റ് നിർമാണം വൈകുന്നതിനെ കുറിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണു തീരുമാനം വേഗത്തിലാക്കിയത്. നിരക്കിനു വൈദ്യുതി ബോർഡ് അംഗീകാരം നൽകി. മാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ പ്ലാന്റാണു കെഎസ്ഐഡിസി മുഖേന കോഴിക്കോട്ടു സ്ഥാപിക്കുന്നത്.
450 ടൺ മാലിന്യ സംസ്കരണ ശേഷിയുള്ള പ്ലാന്റിൽ 6 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാകും. പ്ലാന്റിന്റെ പരമാവധി മൂല്യശോഷണം ആദ്യ വർഷങ്ങളിലെ നികുതിയിളവിനു കമ്പനി ക്ലെയിം ചെയ്യുന്നുണ്ടെങ്കിൽ യൂണിറ്റിന് 6.31 രൂപയും ഇല്ലെങ്കിൽ 6.81 രൂപയും നൽകാനായിരുന്നു കെഎസ്ഇബിക്കു വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ നിർദേശം. പരമാവധി മൂല്യശോഷണം ക്ലെയിം ചെയ്യുന്നുണ്ടെന്നാണു കമ്പനി ആദ്യം അറിയിച്ചത്.
പവർ പ്ലാന്റുകൾക്ക് 20% വരെയാണു സാധാരണ മൂല്യശോഷണം ക്ലെയിം ചെയ്യുന്നത്. പുറമേ ആദ്യ വർഷങ്ങളിലെ കൂടുതൽ നികുതിയിളവിനായി പരമാവധി മൂല്യശോഷണത്തിനും അവകാശമുന്നയിക്കാം. എന്നാൽ കോഴിക്കോട്ടേതു മാലിന്യ സംസ്കരണ പദ്ധതി കൂടി ആയതിനാൽ 40% വരെ സാധാരണ മൂല്യശോഷണത്തിനു സ്വാഭാവികമായ അർഹതയുണ്ട്. പരമാവധി മൂല്യശോഷണം ക്ലെയിം ചെയ്താലും ഇതിലേറെ ഇളവു ലഭിക്കില്ല. ഇക്കാര്യത്തിലുള്ള ആശയക്കുഴപ്പം മൂലം കെഎസ്ഇബിയും കമ്പനിയും തമ്മിൽ നിരക്കിൽ ധാരണയിലെത്തിയിരുന്നില്ല.
തുടർന്ന്, പരമാവധി മൂല്യശോഷണം ക്ലെയിം ചെയ്യുന്നില്ലെന്നു ബോധ്യപ്പെടുത്തിയ കമ്പനി ഓഡിറ്ററുടെ സർട്ടിഫിക്കറ്റും കൈമാറി. ഇതോടെയാണു ഉയർന്ന നിരക്കായ 6.81 രൂപ നൽകാമെന്നു കെഎസ്ഇബി സമ്മതിച്ചത്. ബോർഡ് തീരുമാനം കമ്മിഷനെ അറിയിച്ചിട്ടുണ്ടെന്നും അനുമതിക്കു വിധേയമായി എപ്പോൾ വേണമെങ്കിലും കരാർ വയ്ക്കാമെന്നും ചെയർമാൻ എൻ.എസ്.പിള്ള പറഞ്ഞു. കൊച്ചിയിലാണ് ഇത്തരത്തിലുള്ള രണ്ടാമത്തെ പ്ലാന്റ് വരുന്നത്. 600 ടൺ സംസ്കരണ ശേഷിയുള്ള ഈ പ്ലാന്റിൽ 8 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാം.