ചുരത്തില്‍ പാമ്പുകളുടെ ശല്യം രൂക്ഷം, ജനങ്ങള്‍ ഭീതിയില്‍



താമരശേരി: മഴ  കുറഞ്ഞതോടെ ചുരത്തില്‍ പാമ്പുകളുടെ ശല്യം രൂക്ഷമായി. വനത്തില്‍ നിന്നും ജനവാസ കേന്ദ്രത്തിലേക്ക് പെരുമ്പാമ്പ് ഉള്‍പ്പെടെയുള്ള ചെറുതും വലുതുമായ പാമ്പുകള്‍ എത്തുന്നത് കാരണം ചുരം നിവാസികള്‍ ഭീതിയിലാണ്.
 

ചുരത്തിലെ 29-മൈല്‍, കാണലാട് കുന്ന്, രണ്ടാം വളവ്, നാലാം വളവ് തുടങ്ങിയ ജനവാസ പ്രദേശങ്ങളിലാണ് തൊട്ടടുത്ത വനത്തില്‍ നിന്നും പാമ്പുകള്‍ എത്തുന്നത്.വീടുകളില്‍ കയറുക മാത്രമല്ല ജനങ്ങളെ കടിക്കുകയും വളര്‍ത്തു ജീവികളെ കൊന്നൊടുക്കുകയും ചെയ്യുക പതിവാണ്.
  
കഴിഞ്ഞ ദിവസം രാതി 29-മൈല്‍ ഫോറസ്റ്റ് ഒഫിസിനു സമീപത്തെ ആമിനയുടെ വീടിനോട് ചേര്‍ന്ന കോഴിക്കൂട്ടില്‍  ഭീമന്‍ പെരുമ്പാമ്പിനെ കണ്ടെത്തി.വീട്ടുകാര്‍ രാവിലെ കോഴിക്കൂട് തുറക്കാന്‍ നോക്കുമ്പോഴാണ് കൂട്ടിനകത്ത് കോഴിയെ ഭക്ഷിച്ച ഇരുപത് കിലോയോളം വരുന്ന വലിയ പെരുമ്പാമ്പിനെ കണ്ടത്.നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി ഫോറസ്റ്റില്‍ ഏല്‍പിക്കുകയായിരുന്നു.
 

കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ സമാനമായ നിരവധി കേസുകള്‍ ഈ പ്രദേശങ്ങളില്‍ ഉണ്ടായതായി നാട്ടുകാര്‍പറയുന്നു. ഉഗ്രവിഷമുള്ളതും ഇല്ലാത്തതുമായ നിരവധി ഇനങ്ങളില്‍ പെട്ട വിവിധയിനം പാമ്പുകള്‍ ചുരത്തിലെ വിവിധ സ്ഥലങ്ങളില്‍ കാണുന്നത് ഇപ്പോള്‍ പതിവായിട്ടുണ്ട്.
 ശക്തമായ മഴയില്‍ ചുരത്തിലെ ഉള്‍ കാടുകളില്‍ നിന്നും മലവെള്ളത്തില്‍ പാമ്പുകള്‍ ഒലിച്ചു വരുന്നതായും നാട്ടുകാര്‍ പറയുന്നു.ഇതിനു പുറമെ വനം വകുപ്പുകാര്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും പിടികൂടുന്ന പാമ്പുകളെയും ചുരത്തില്‍ ആളൊഞ്ഞ പ്രദേശങ്ങലില്‍ തുറന്നുവിടുന്നവയും വെള്ളപ്പാച്ചിലിലും മറ്റും ഒഴികിയെത്തുകയും ചെയ്യുന്നു. പാമ്പുകള്‍ക്കു പുറമെ ഈ പ്രദേശങ്ങളില്‍ കുരങ്ങ്, കാട്ടുപന്നി, നരി തുടങ്ങിയ വന്യ മൃഗങ്ങളുടെയും ശല്യം രൂക്ഷമാണ്.
Previous Post Next Post