ജില്ലാ ജയിലിൽ ചെരുപ്പ് നിർമാണ യൂണിറ്റിന് അനുമതി



കോഴിക്കോട്: ജില്ലാ ജയിലിൽ ചെരുപ്പുനിർമാണ യൂണിറ്റ് ആരംഭിക്കും. ആദ്യം ഹവായ് ചെരുപ്പാണ് നിർമിക്കുക. തടവുകാർക്ക് ഇതിനുള്ള പരിശീലനം നൽകും.

തുടക്കത്തിൽ ഒരേസമയം 80 ചെരുപ്പുകൾ ഉത്‌പാദിപ്പിക്കാൻ ശേഷിയുള്ള മെഷീനുകളാണ് സ്ഥാപിക്കുക. ഇതിന്റെ വിപണി വ്യക്തമായശേഷം യൂണിറ്റ് പിന്നീട് വിപുലപ്പെടുത്താനാണ് ഉദ്ദേശ്യം. ഇതിന് ആദ്യഘട്ട ധനസഹായമായി ജയിൽ വകുപ്പ് 93,220 രൂപ അനുവദിച്ചു.

ഡി.ജി.പി. ഋഷിരാജ് സിങ്‌ യൂണിറ്റ് തുടങ്ങാനുള്ള അനുമതിപത്രം ജില്ലാ ജയിൽ സൂപ്രണ്ടിന് നൽകി. യന്ത്രസാമഗ്രികൾ വാങ്ങുന്നതിന് തിരുവനന്തപുരത്തെ ഒരു സ്വകാര്യസ്ഥാപനമാണ് ഏറ്റവും കുറഞ്ഞ നിരക്ക് നൽകിയത്. ഇതിന്റെ ക്വട്ടേഷൻ അംഗീകരിക്കുമെന്നും ഡി.ജി.പി. അറിയിച്ചു.

യന്ത്രസാമഗ്രികളും അസംസ്കൃതവസ്തുക്കളും സ്റ്റോർ പർച്ചേസ് റൂൾ പ്രകാരം തീരുമാനിച്ചു. യന്ത്രങ്ങൾ ഡൽഹിയിൽനിന്ന് എത്തണം. ലോക്‌ഡൗണായതിനാലാണ് ഇതു വൈകുന്നത്.

തിരുവനന്തപുരത്തും തൃശ്ശൂരുമുള്ള ജയിലുകളിൽ ചെരുപ്പുനിർമാണ യൂണിറ്റുണ്ട്. നാലാമത്തെ യൂണിറ്റ് കണ്ണൂരിൽ തുടങ്ങാനാണ് തീരുമാനം. കോവിഡിന്റെ പശ്ചാത്തലത്തിൽ താത്‌കാലികമായി നിർത്തിവെച്ച അഞ്ച് ഭക്ഷണക്കൗണ്ടറുകളും ഉടൻ പുനരാരംഭിക്കും. ജില്ലാ ജയിലിന്റെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ പുതുതായി ചായ കൗണ്ടർ ആരംഭിക്കും.

ദിവസവും ശരാശരി 40,000 രൂപയായിരുന്നു ഭക്ഷണക്കൗണ്ടർ മുഖേന ലഭിക്കുന്ന വരുമാനം. നിലവിലെ മത്സ്യകൃഷിയും പച്ചക്കറിത്തോട്ടവും വിപുലീകരിക്കാനും തീരുമാനിച്ചു. ലയൺസ് ക്ലബ്ബിന്റെ കീഴിൽ ജയിലിനുള്ളിൽ 50 പ്ലാവിൻതൈകൾ നട്ടു. പച്ചക്കറികൃഷി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും.
Previous Post Next Post