ഡയാലിസിസിന് ധനസഹായമെന്ന സന്ദേശം വ്യാജം



കോഴിക്കോട്: ഡയാലിസിസ് രോഗികള്‍ക്ക് കോഴിക്കോട് ജില്ലാപഞ്ചായത്ത് 4,000 രൂപവീതം ധനസഹായം നല്‍കുമെന്നും അതിനായി ആശാപ്രവര്‍ത്തകരെ ബന്ധപ്പെടണമെന്നും അറിയിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ജില്ലാപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.  ജില്ലാ പഞ്ചായത്ത്  അംഗങ്ങള്‍ക്കും ഒഫീസ് ജീവനക്കാര്‍ക്കും ഇതുമായി ബന്ധപ്പെട്ട് നിരന്തരമായി ഫോണ്‍ കോളുകള്‍ ലഭിക്കുന്നതിന്റെ   അടിസ്ഥാനത്തിലാണ് വിശദീകരണം.  

വ്യാജസന്ദേശം 'സ്നേഹസ്പര്‍ശം' ഗുണഭോക്താക്കളില്‍  തെറ്റിദ്ധാരണയുണ്ടാകാന്‍ ഇടയാക്കി.  'സ്നേഹസ്പര്‍ശം' പദ്ധതിപ്രകാരമാണ് ജില്ലാ പഞ്ചായത്ത് ഡയാലിസിസ് സഹായം നല്‍കുന്നത്. 2012 ലാണ് ഈ പദ്ധതി കോഴിക്കോട് ജില്ലാപഞ്ചായത്ത് ആരംഭിച്ചത്. പദ്ധതിപ്രകാരം ഒരു ഡയാലിസിസിന് 250 രൂപ നിരക്കില്‍ ഒരാള്‍ക്ക് 12 ഡയാലിസിസുകള്‍ക്ക് എല്ലാമാസവും 3000 രൂപ വീതം ജില്ലാപഞ്ചായത്ത് കഴിഞ്ഞ ഒമ്പതു വര്‍ഷമായി നല്‍കി വരുന്നുണ്ട്.  വൃക്ക മാറ്റിവെച്ചവര്‍ നിര്‍ബന്ധമായും കഴിക്കേണ്ടതും വിലകൂടുതലുമായ  ഇമ്മ്യൂണോസപ്രസ്സീവ് മരുന്നുകളും 2013 മുതല്‍ എല്ലാമാസവും സ്്നേഹസ്പര്‍ശത്തിലൂടെ സൗജന്യമായി  നല്‍കുന്നുണ്ട്.  കരള്‍ മാറ്റിവെച്ചവരേയും കഴിഞ്ഞ വര്‍ഷം മുതല്‍ ഇതില്‍  ഉള്‍പ്പെടുത്തി.  കോവിഡ് സാഹചര്യത്തില്‍ ഗുണഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തി മരുന്നുകള്‍ അതത് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ വഴി വീട്ടില്‍ എത്തിക്കുകയും ചെയ്തുവരുന്നു.  

മാനസിക രോഗികള്‍ക്ക് സൗജന്യ ചികിത്സയും മരുന്നും നല്‍കുന്ന മൂന്ന് നവജീവന്‍ ക്ലിനിക്കുകളും അഗതികളായ പുരുഷ എച്ച്‌ഐവി ബാധിതര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും സൗജന്യ മരന്നുകളും നല്‍കി സംരക്ഷിച്ചു വരുന്ന കെയര്‍സെന്ററും സ്നേഹസ്പര്‍ശത്തിന്റെ പ്രവര്‍ത്തനങ്ങളാണ്.  മുന്‍ കാലങ്ങളില്‍  പൊതുജനപങ്കാളിത്തത്തോടെയും  ഇപ്പോള്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം സമാഹരിച്ചുമാണ് പദ്ധതി നടപ്പാക്കുന്നത്. പ്രതിമാസം 4 കോടിയോളം രൂപ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നു.  ഇതുവരെ 20 കോടിയോളം രൂപ വിനിയോഗിച്ചിട്ടുമുണ്ടെന്ന് സെക്രട്ടറി അറിയിച്ചു.

പദ്ധതിയുടെ ഗുണഭോക്താവാകുന്നതിന് കോഴിക്കോട് ജില്ലക്കാരായവര്‍ക്ക് അപേക്ഷ നല്‍കാം.  അപേക്ഷാഫോം  www.snehasparsham.com വെബ് സൈറ്റിലും ജില്ലാപഞ്ചായത്തിലെ സ്നേഹസ്പര്‍ശം ഓഫീസില്‍ നേരിട്ടും ലഭിക്കും.  ജില്ലാപഞ്ചയത്ത് ഡിവിഷന്‍ മെമ്പര്‍മാര്‍ വഴിയും അറിവും സഹായവും ലഭിക്കും.
Previous Post Next Post