ടൂറിസത്തിന് പുത്തനുണർവേകാൻ : മലബാർ ലിറ്റററി സർക്യൂട്ട്




കോഴിക്കോട്: ബജറ്റിൽ പ്രഖ്യാപിച്ച മലബാർ ലിറ്റററി സർക്യൂട്ട് വിനോദസഞ്ചാരമേഖലയിൽ പുത്തനുണർവുണ്ടാക്കുമെന്ന് വിലയിരുത്തൽ. സംസ്കാരവും ചരിത്രവും സാഹിത്യവും കൂട്ടിയിണക്കിക്കൊണ്ടാണ് ഇത്തരമൊരു സർക്യൂട്ട് പ്രഖ്യാപിക്കപ്പെട്ടത്. വെറും വിനോദസഞ്ചാരമെന്നതിനുപരി ഓരോ ഇടത്തിന്റെയും തനിമകളിലേക്കുള്ള തീർഥാടനംകൂടിയാവും ഇത്.

ബേപ്പൂർ സുൽത്താനെന്നു വിശേഷിപ്പിക്കപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ തട്ടകമായ ബേപ്പൂർമുതൽ ജ്ഞാനപീഠമേറിയ എം.ടി. വാസുദേവൻ നായരുടെ രചനകൾക്ക് പശ്ചാത്തലമായ നിളാതീരങ്ങളും ഒ.വി. വിജയന്റെ ഇതിഹാസത്തിന് അരങ്ങായ തസ്രാക്കുംവരെ ഉൾപ്പെടുന്നതാണ് ഈ സർക്യൂട്ട്. ഇതിനും ബയോഡൈവേഴ്‌സിറ്റി സർക്യൂട്ടിനുമായി 50 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

ഭാഷാപിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ കർമഭൂമിയായ തിരൂരിലെ സ്മാരകവും ഇതിൽ ഉൾപ്പെടുന്നുണ്ട്. പൊന്നാനിയിലെയും തസ്രാക്കിലെയും മഹാപാരമ്പര്യങ്ങൾ അടുത്തറിയാനും ഉതകുന്നതാകും ഈ സർക്യൂട്ട്. മഹാകവി ഇടശ്ശേരി, നോവലിസ്റ്റ് ഉറൂബ്, സാമൂഹികപരിഷ്‌കരണത്തിനായി ജീവിതംസമർപ്പിച്ച വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിയവരുടെയൊക്കെ കർമപഥങ്ങൾ വിശദമായി പരിചയിക്കാനുതകുന്നതാകും ഇത്.

ഫറോക്കിലെ ടിപ്പു കോട്ടയും സ്വാതന്ത്ര്യപ്പോരാട്ടത്തിലെ ജ്വലിക്കുന്ന ഓർമയായ വാഗൺ ട്രാജഡിയും മഹാത്മജിയുടെ ചിതാഭസ്മം ഏറ്റുവാങ്ങിയ നിളയുടെ തീരവുമൊക്കെ ഉൾക്കൊള്ളുന്നതാവും ഈ സഞ്ചാരപഥം. പറയിപെറ്റ പന്തിരുകുലത്തിന്റെ കഥകളുൾപ്പെടെ ഒട്ടേറെ നാട്ടുപഴമകളിലേക്കുള്ള അന്വേഷണവും സാധ്യമാകും.
Previous Post Next Post