ഇനി ഇവിടം മാലിന്യകേന്ദ്രമല്ല; ഒരുങ്ങും, ഓപ്പൺ ജിം



കോഴിക്കോട്: സരോവരം ജൈവോദ്യാനത്തിലേക്കുള്ള റോഡരിക് ഇനി മാലിന്യകേന്ദ്രമാകില്ല. പകരം, പൊതുജനങ്ങൾക്ക് വ്യായാമത്തിനും മറ്റും പ്രയോജനപ്പെടുന്ന ഓപ്പൺ ജിം ഒരുങ്ങും.

എരഞ്ഞിപ്പാലം ജങ്ഷനിൽനിന്ന് സരോവരം ബയോപാർക്കിലേക്കുള്ള പാതയോരമാണ് ഇനി സുന്ദരമാകുക. പഴയ വാഹനങ്ങൾ പൊളിച്ചുവിൽക്കുന്നതിന്റെ അവശിഷ്ടങ്ങളായിരുന്നു ഇവിടെ നിറയെ. ഒപ്പം പ്ലാസ്റ്റിക്കും വീടുകളിൽനിന്നുള്ള പലതരം മാലിന്യവും നാപ്കിനുകളുമെല്ലാം നിറഞ്ഞുകിടക്കുകയായിരുന്നു ഇവിടെ.

എന്നാൽ, ഇപ്പോൾ കോർപ്പറേഷൻ ആരോഗ്യവിഭാഗവും വാട്ടർ അതോറിറ്റി റിക്രിയേഷൻ ക്ലബ്ബും റെസിഡൻറ്‌സ്‌ അസോസിയേഷനുകളും ചേർന്ന് പ്രദേശത്തെ മാലിന്യമുക്തമാക്കിയിരിക്കുകയാണ്.

ആദ്യപടിയായി ഇവിടെ പൂന്തോട്ടം നിർമിക്കും. ഏറെപ്പേർ പ്രഭാത-സായാഹ്ന സവാരിക്കായി ഉപയോഗിക്കുന്ന ഇടം എന്ന രീതിയിലാണ് ഓപ്പൺ ജിംനേഷ്യം ഒരുക്കാൻ ഉദ്ദേശിക്കുന്നത്. ഷട്ടിൽ കോർട്ടും നിർമിക്കും. കൂടാതെ, സൈക്കിൾ ട്രാക്കും ഇവിടെ നിർമിക്കും.

തെരുവുവിളക്കുകൾ സ്ഥാപിക്കുകയും നടപ്പാതയോടുചേർന്ന് ഇരിപ്പിടങ്ങൾ ഒരുക്കുകയുംചെയ്യും. ഈ ഭാഗത്തെ കൈയേറ്റം ഒഴിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘സരോവരം ഗാർഡൻ ആൻഡ് ഓപ്പൺ ജിം’ പദ്ധതിയുമായി മുന്നോട്ടുപോകുന്നത്.

ക്ലബ്ബിനൊപ്പം വാഴത്തിരുത്തി, എരഞ്ഞിപ്പാലം, പാലാട്ട്, കിഴക്കൻ തിരുത്തി റെസിഡൻറ്‌സ്‌ അസോസിയേഷനുകളും പാലാട്ടുതാഴം ദേശസേവാസംഘവും പദ്ധതിക്കൊപ്പമുണ്ട്. പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ശനിയാഴ്ച രാവിലെ 8.30-ന് നടത്തും. ഹെൽത്ത് ഇൻസ്പെക്ടർ കെ.ടി. ബീന, ജെ.എച്ച്.ഐ. പി.എസ്. ഡെയ്‌സൺ, കൗൺസിലർ എം.എൻ. പ്രവീൺ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണപ്രവർത്തനങ്ങൾ നടത്തിയത്. ഇനി മാലിന്യം തള്ളുന്നവർക്കെതിരേ കർശന നടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനം.
Previous Post Next Post