കോഴിക്കോട്: ജില്ലാ വ്യവസായ കേന്ദ്രത്തിനു കീഴിലെ വെസ്റ്റ്ഹിൽ വ്യവസായ എസ്റ്റേറ്റിൽ ഓക്സിജൻ റീഫില്ലിങ് യൂണിറ്റ് പ്രവർത്തനം തുടങ്ങി. ആനന്ദ് ഓക്സിജൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. 20 കിലോലിറ്റർ സംഭരണശേഷിയുള്ള റീഫില്ലിങ് ക്രയോജനിക് ടാങ്കാണ് യൂണിറ്റിലുള്ളത്.
ഇതോടെ കോഴിക്കോട്ടെയും സമീപ ജില്ലകളിലെയും വിവിധ ആശുപത്രികളിലേക്കുള്ള ഓക്സിജൻ വിതരണം കൂടുതൽ കാര്യക്ഷമമാകും. നിലവിൽ നല്ലളത്തുള്ള രണ്ടു യൂണിറ്റുകളിൽനിന്നാണ് ഓക്സിജൻ വിതരണം ചെയ്യുന്നത്. പാലക്കാട് നിന്നാണ് ദ്രവീകൃത ഓക്സിജൻ എത്തിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ആവശ്യങ്ങൾക്കനുസരിച്ച് വേണ്ട നിർദേശങ്ങൾ നൽകി 24 മണിക്കൂറും മെഡിക്കൽ ഓക്സിജൻ രംഗത്ത് പ്രവർത്തിക്കുകയാണ് ആനന്ദ് ഓക്സിജൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. പാലക്കാട്ടും തിരുവനന്തപുരത്തും ഒരുമാസത്തിനുള്ളിൽ ഓരോ യൂണിറ്റ് ആരംഭിക്കുമെന്ന് ആനന്ദ് ഓക്സിജൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ആന്റണി ജോസഫ് പറഞ്ഞു.
Tags:
Covid 19