ചരക്കുനീക്കം നഷ്ടപ്പെടുമോ... : ആശങ്കയോടെ ബേപ്പൂർ


ബേപ്പൂർ:ലക്ഷദ്വീപ്‌ ഭരണകൂടത്തിന്റെ ഭരണപരിഷ്കാരങ്ങളുടെ ഭാഗമായി ദ്വീപിലേക്കുള്ള ചരക്കുനീക്കം മംഗളൂരുവിലേക്ക്‌ മാറ്റിയാൽ അത് ബേപ്പൂർ തുറമുഖത്തിന്‌ തിരിച്ചടിയാകും. ഏറ്റവും അടുത്തുകിടക്കുന്ന തുറമുഖമെന്ന നിലയിൽ ഉപ്പു മുതൽ കർപ്പൂരംവരെയുള്ള നിത്യോപയോഗ സാധനങ്ങൾ കിട്ടാൻ ലക്ഷദ്വീപ്‌ നൂറ്റാണ്ടുകളായി ആശ്രയിക്കുന്നത് ബേപ്പൂർ തുറമുഖത്തെയാണ്. പുതിയ നീക്കം പ്രാവർത്തികമായാൽ അത് മലബാറിലെ വാണിജ്യമേഖലയെത്തന്നെ ദോഷകരമായി ബാധിക്കും. മാത്രമല്ല, തുറമുഖത്തെ ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാർഗവും അടയും.

പ്രധാനമായും കവരത്തി, കല്പേനി, ആന്ത്രോത്ത്, മിനിക്കോയ്‌, കിൽത്താൾ, അഗത്തി എന്നീ ദ്വീപുകളിലേക്കാണ്‌ ബേപ്പൂർ തുറമുഖത്തുനിന്ന്‌ യന്ത്രവത്‌കൃത ഉരുകളിലും കപ്പലുകളിലും ചരക്ക്‌ അയക്കുന്നത്‌. മതിയായ സൗകര്യമുള്ള ആശുപത്രികളോ, വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഇല്ലാത്തതിനാൽ ഇപ്പോഴും ദ്വീപുകാർ ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുംവേണ്ടി മലബാറിനെയാണ് ആശ്രയിക്കുന്നത്. ബേപ്പൂർ തുറമുഖംവഴി എത്തുന്ന ഇവർ കോഴിക്കോട്ടെയും ബേപ്പൂരിലെയും ലോഡ്ജുകളിലാണ് താമസിക്കുക.

ബേപ്പൂർ തുറമുഖംവഴി കഴിഞ്ഞ ഒന്നരദശാബ്ദമായി അയൽ സംസ്ഥാനങ്ങളുമായുള്ള ചരക്കുനീക്കം തീരെ ഇല്ലെന്നുതന്നെ പറയാം. ലക്ഷദ്വീപിലേക്കുള്ള കെട്ടിടനിർമാണ സാമഗ്രികൾ, ഫർണിച്ചർ, വാഹനങ്ങൾ, അരി, പച്ചക്കറി, വസ്ത്രം തുടങ്ങിയ നിത്യോപയോഗ വസ്തുക്കളും പാചകവാതകം, വിമാന ഇന്ധനം, ഡീസൽ, മണ്ണെണ്ണ എന്നിവയുമാണ് ബേപ്പൂർ തുറമുഖത്തുനിന്ന് കയറ്റി അയക്കുന്നത്. മഴതുടങ്ങിയതോടെ ഉരുക്കൾ വഴിയുള്ള ചരക്കുനീക്കം നിലച്ചിരിക്കയാണ്‌. ഇനി സെപ്‌റ്റംബർ 15-വരെ അവർ കാക്കണം. നാല്‌ മാസത്തേക്കുള്ള അത്യാവശ്യസാധനങ്ങൾ ബേപ്പൂർ തുറമുഖത്തുനിന്ന്‌ അവർ എത്തിച്ചുകഴിഞ്ഞു. ഇനി കാലവർഷം കഴിയുമ്പോഴേക്കും ഇതുവരെ കിട്ടിയിരുന്ന സാധനങ്ങൾ ബേപ്പൂരിൽനിന്ന്‌ എത്തിക്കാൻ കഴയുമോ എന്ന ഉത്‌കണ്ഠയിലാണ്‌ ദ്വീപ്‌ ജനത.

അയ്യായിരത്തോളം പേർക്ക് ജീവിതോപാധി : 

ബേപ്പൂർ തുറമുഖത്തൊഴിലാളികളുടെ പ്രധാന വരുമാനവും ദ്വീപിലേക്കുള്ള കയറ്റുമതിയാണ്. തുറമുഖത്തെ തൊഴിലാളികളും അനുബന്ധ മേഖലകളിൽ ജീവിക്കുന്നവരും ഉൾപ്പെടെ അയ്യായിരത്തിൽപ്പരം പേർക്ക് ലക്ഷദ്വീപ് ജീവിതോപാധിയാണ്.

ദ്വീപിലേക്കുള്ള കയറ്റുമതി ബേപ്പൂർ തുറമുഖത്തുനിന്ന് മംഗളൂരു തുറമുഖത്തേക്ക് മാറ്റാനുള്ള ദ്വീപ് ഭരണകൂടത്തിന്റെ നീക്കം ബേപ്പൂർ മേഖലയാകെ കടുത്ത ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്. ദ്വീപിലേക്ക് ബേപ്പൂരിൽനിന്നുള്ള യാത്രാസർവീസും ക്രമേണ നിലയ്ക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
Previous Post Next Post