ബൈക്കുകള്‍, മൊബൈല്‍ ഫോണ്‍ മോഷണം; നിരവധി മോഷണങ്ങള്‍ നടത്തിയ കുട്ടിക്കള്ളന്മാര്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍



കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി മോഷണങ്ങള്‍ നടത്തുന്ന കുട്ടികള്‍ ഉടപ്പെട്ട മോഷണ സംഘം പിടിയില്‍. കക്കോടി  മക്കട യോഗി മഠത്തില്‍ ജിഷ്ണു (18), മക്കട ബദിരൂര്‍ ചെമ്പോളി പറമ്പില്‍ ധ്രുവന്‍ (19) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കൂടാതെ കരുവിശ്ശേരി സ്വദേശികളായ രണ്ട് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിളിച്ചു വരുത്തുകയുമായിരുന്നു.

കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ സ്വപ്നില്‍ മഹാജന്റെ നേതൃത്വത്തില്‍ സിറ്റി ക്രൈം സ്‌ക്വാഡും ചേവായൂര്‍ പൊലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. അടുത്ത കാലത്ത് കോഴിക്കോട് നഗരത്തില്‍ നടന്ന ഭൂരിഭാഗം മോഷണ കേസുകളിലും കുട്ടികളുടെ പങ്ക് കൂടുതലായി കാണുന്ന സാഹചര്യത്തില്‍ കോഴിക്കോട് സിറ്റി പോലീസ് മേധാവി ഡിഐജി എ വി ജോര്‍ജ്  ഇവരെ പിടികൂടുന്നതിനായി സിറ്റി ക്രൈം സ്‌ക്വാഡിന്  പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു.

ഉത്തരമുണ്ടായത് നിരവധി മോഷണക്കേസുകള്‍ക്ക് 


പിടിക്കപ്പെട്ടവരില്‍ നിന്നും പൊലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.  ഇവര്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്ന് മോഷ്ടിച്ച നാല് ഇരുചക്ര വാഹനങ്ങള്‍ പൊലീസ് കണ്ടെടുത്തു. കൂടാതെ പുല്ലാളൂരിലെ മൊബൈല്‍ ഷോപ്പില്‍ നിന്നും മോഷ്ടിച്ച മൊബൈല്‍ ഫോണുകളും ഭട്ട് റോഡിലെ പല ചരക്ക് കടയിലെ മോഷണവും കുന്ദമംഗലത്തുള്ള ഗാലക്‌സി ഗ്ലാസ് ഷോപ്പില്‍ നിന്നും വാച്ചുകളും  കൂളിംഗ് ഗ്ലാസ്സും എന്‍.പി. ചിക്കന്‍ സ്റ്റാളിലെ മോഷണവും പടനിലത്തുള്ള ആരാമ്പ്രം മെഡിക്കല്‍ ഷോപ്പിലെ മോഷണവും, കുറ്റിക്കാട്ടൂരിലെ എം എ ചിക്കന്‍ സ്റ്റാളിലെ മോഷണവും  സംഘമാണ് നടത്തിയത്.


കൂടാതെ ബാലുശ്ശേരി ഭാഗത്തെ ഏട്ടോളം കടകള്‍, കാക്കൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അമ്പലത്ത് കുളങ്ങര, കുമാരസ്വാമി എന്നിവിടങ്ങളിലെ പത്തോളം കടകള്‍, കുന്ദമംഗലം ചാത്തമംഗലം, കാരന്തൂര്‍ ഭാഗങ്ങളിലെ ഇരുപതോളം കടകള്‍, മാവൂര്‍, കുറ്റിക്കാട്ടൂര്‍, കായലം, പുവ്വാട്ടുപറമ്പ് ഭാഗങ്ങളിലെ പത്തോളം കടകള്‍, പുതിയങ്ങാടി വെസ്റ്റ്ഹില്‍,കാരപ്പറമ്പ് ഭാഗങ്ങളില്‍ പതിമൂന്നോളം കടകള്‍, അത്തോളി, പറമ്പത്ത് ഭാഗങ്ങളിലെ അഞ്ചോളം കടകള്‍, തൊണ്ടയാട് പാലാഴി ഭാഗങ്ങളിലെ അഞ്ചോളം കടകള്‍ കക്കോടി ചെറുകുളം മക്കട ഭാഗങ്ങളിലെ ഏഴോളം കടകള്‍ ഉള്‍പ്പെടെ എണ്‍പതിലധികം മോഷണങ്ങള്‍ക്ക് ഇവര്‍ അറസ്റ്റിലായതോടെ തുമ്പുണ്ടായതായി പൊലീസ് പറഞ്ഞു. മോഷണത്തില്‍ പങ്കെടുത്ത മറ്റ് പ്രതികളെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചു. ഇവര്‍ ലഹരി മരുന്നും ഉപയോഗിക്കുന്നു. 

രാത്രി സഞ്ചാരം എന്ന മോഷണരീതി


വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് രാത്രി സഞ്ചാരം എന്ന പേരില്‍ ചുറ്റി കറങ്ങി മോഷണം നടത്തുകയാണ് ചെയ്യുന്നത്. വര്‍ക്ക്‌ഷോപ്പുകളുടെ സമീപം നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ അഴിച്ചെടുത്ത് മോഷണ വാഹനങ്ങള്‍ക്ക് ഉപയോഗിച്ചുമാണ് രാത്രി ചുറ്റിക്കറങ്ങുന്നത്. പൊലീസ് വാഹനം പരിശോധിച്ച് ഉടമയെ വിളിക്കുമ്പോഴാണ് മോഷ്ടിച്ചവാഹനമാണെന്ന് അറിയുന്നത്. മോഷണം നടത്തിയ ബൈക്കുകള്‍ പിന്നീട് വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു. പ്രധാനമായും കോഴിക്കടകളിലാണ് ഇവര്‍ മോഷണം നടത്തുന്നത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ഇവരെ പിടികൂടിയിട്ടുണ്ടെങ്കിലും കുറ്റസമ്മതം നടത്താതെ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡ് പിടികൂടി വിശദമായി ചോദ്യം ചെയ്തതില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എലത്തൂര്‍ പോലീസ്  പിടിച്ച് റിമാന്റ് ചെയ്ത ജിഷ്ണു ജാമ്യത്തില്‍ ഇറങ്ങിയതാണ്.

പ്രതികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ മുരളീധരന്റെ നേതൃത്വത്തില്‍ ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ വിജയകുമാരനും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് തെളിവെടുപ്പ് നടത്തി. അന്വേഷണ സംഘത്തില്‍ സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഒ. മോഹന്‍ദാസ്, എം. ഷാലു,ഹാദില്‍ കുന്നുമ്മല്‍, പ്രശാന്ത് കുമാര്‍, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്,സഹീര്‍ പെരുമ്മണ്ണ, എ.വി. സുമേഷ്, ചേവായൂര്‍ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍ അനീഷ്, സീനിയര്‍ സി.പി.ഒമാരായ റിജേഷ് പ്രമോദ്, രാജീവ് കുമാര്‍ പാലത്ത്, സി.പി.ഒ പ്രസീദ്, ശ്രീരാഗ് എന്നിവരാണ് ഉണ്ടായിരുന്നത്. കൊവിഡ് പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Previous Post Next Post