
കൊയിലാണ്ടി: അഴിയൂർ-വെങ്ങളം ദേശീയപാത വികസനത്തിന്റെ ഭാഗമായി പയ്യോളിയിൽ ഫ്‌ളൈ ഓവറും കോമത്തുകരയിൽ ഓവർപാസും നിർമിക്കും. പയ്യോളിയിൽ പേരാമ്പ്ര റോഡ് വന്നുചേരുന്ന സ്ഥലത്താണ് 70 മീറ്റർ നീളത്തിൽ ഫ്‌ളൈ ഓവർ നിർമിക്കുക. അതേപോലെ താമരശ്ശേരി-കൊയിലാണ്ടി സംസ്ഥനപാത കടന്നുപോകുന്ന കോമത്തുകരയിൽ 23 മീറ്റർ നീളത്തിൽ ഓവർപാസും നിർമിക്കും.
പയ്യോളി ജി.വി.എച്ച്.എസ്.എസിനും തിക്കോടി എൽ.പി. സ്‌കൂളിനും സമീപം കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ പാകത്തിൽ ഫൂട്ട് ഓവർ ബ്രിഡ്ജുകൾ സ്ഥാപിക്കും. നന്തി ടൗൺ എത്തുന്നതിനുമുമ്പ് ബൈപ്പാസ് ആരംഭിക്കും. വടകര ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ കൊയിലാണ്ടി ഭാഗത്തേക്ക് നേരിട്ട് പോകാൻ കഴിയുംവിധം നന്തിയിൽ ബൈപ്പാസ് തുടങ്ങുന്നതിന് സമീപം 24 മീറ്റർ നീളത്തിൽ വലിയ അണ്ടർപാസ് നിർമിക്കും. നന്തി ശ്രീശൈലത്തിന് സമീപത്തുകൂടി റെയിൽപ്പാതയോട് സമാന്തരമായാണ് ബൈപ്പാസ് കടന്നുപോകുക. നന്തിമുതൽ ചെങ്ങോട്ടുകാവുവരെ ആറുവരിയിൽ 11 കിലോമീറ്റർ നീളത്തിലാണ് ബൈപ്പാസ് നിർമിക്കുക. ബൈപ്പാസ് മുറിച്ചുകടക്കുന്ന മുചുകുന്ന് റോഡിലും കൊല്ലം മേപ്പയ്യൂർ റോഡിലും മുത്താമ്പി റോഡിലും അണ്ടർപാസ് നിർമിക്കും.
കനാലുകൾ മുറിച്ചുകടക്കുന്നിടത്ത് പാലങ്ങളും വേണ്ടിവരും. തുടർന്ന് ബൈപ്പാസ് അവസാനിക്കുന്ന ചെങ്ങോട്ടുകാവ് ജങ്ഷനടുത്ത് കോഴിക്കോട് ഭാഗത്തുനിന്ന് കൊയിലാണ്ടി ടൗണിലേക്ക് പ്രവേശിക്കേണ്ട വാഹനങ്ങളുടെ സൗകര്യാർഥം വലിയ അണ്ടർപാസ് നിർമിക്കും. പൊയിൽക്കാവിലെ വളവുകൾ നിവർത്തിക്കൊണ്ടാവും റോഡ് ആറുവരിയിൽ വികസിപ്പിക്കുക. തിരുവങ്ങൂരിൽ അത്തോളി കുനിയിൽക്കടവ് പാലം റോഡ് ദേശീയപാതയുമായി സംഗമിക്കുന്നിടത്തും 24 മീറ്റർ നീളത്തിൽ അണ്ടർപാസ് നിർമിക്കും. തുടർന്ന വെങ്ങളം ജങ്‌ഷൻവരെ നേർവരിയിൽ പാത വികസിപ്പിക്കും. ചെങ്ങോട്ടുകാവിൽ ദീർഘദൂര ട്രക്കുകൾക്ക് പാർക്കുചെയ്യുന്നതിനായി ട്രക്ക് ലെ ബേ ഉണ്ടാവും. ആറുവരിയിൽ വികസിപ്പിക്കുന്ന ദേശീയപാതയുടെ ഇരുവശവും ഏഴുമീറ്റർ വീതിയിൽ രണ്ട് സർവീസ് റോഡുകൾ ഉണ്ടാവും. സർവീസ് റോഡുകൾക്ക് സമീപത്തുകൂടി കേബിൾ, ജലവിതരണ പൈപ്പുകൾ, വൈദ്യുതി കേബിളുകൾ കടന്നുപോകാനുള്ള ചാലും ഉണ്ടാവും.
അദാനി ഗ്രൂപ്പാണ് കൊയിലാണ്ടിയിലൂടെ കടന്നുപോകുന്ന അഴിയൂർ വെങ്ങളം ദേശീയ പാതയുടെ പ്രവൃത്തി കരാർ എടുത്തിട്ടുള്ളത്. രണ്ടുവർഷംകൊണ്ട് നിർമാണം പൂർത്തീകരിക്കുമെന്നാണ് ദേശീയപാതാ അതോറിറ്റി അറിയിച്ചത്. റോഡ് വികസനത്തിന് 183 ഹെക്ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഇതിൽ പകുതി സ്ഥലവും ഏറ്റെടുത്തുകഴിഞ്ഞു. ബാക്കിയിടങ്ങളിൽ ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിലാണ്.
Tags:
NH