കുന്നമംഗലം:കുന്നമംഗലം നിയോജക മണ്ഡലത്തിലെ കിഫ്ബി പ്രവര്‍ത്തികള്‍ വേഗത്തിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ധാരണയായി. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പി.ടി.എ റഹീം എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനങ്ങളുണ്ടായത്.
കളന്‍തോട്-കൂളിമാട് റോഡില്‍ മുടങ്ങിക്കിടന്ന പൈപ്പ് ലൈന്‍ പ്രവര്‍ത്തി പുനരാരംഭിക്കും. ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റുന്നതിന് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടത്താന്‍ തീയതി നിശ്ചയിച്ചു. റോഡ് പ്രവര്‍ത്തിക്ക് പുതുതായി ലഭ്യമാക്കേണ്ട സ്ഥലം കല്ലിട്ട് അടയാളപ്പെടുത്തുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
മാവൂര്‍-എന്‍.ഐ.ടി-കൊടുവള്ളി റോഡില്‍ രണ്ടാഴ്ചക്കകം അലൈന്‍മെന്റ് പ്രകാരമുള്ള അതിര്‍ത്തി നിശ്ചയിച്ച് കല്ലിടല്‍ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതിനും മാവൂര്‍, കൊടുവള്ളി ഉള്‍പ്പെടെയുള്ള പ്രധാന ജംഗ്ഷനുകള്‍ വീതികൂട്ടി പരിഷ്‌കരിക്കല്‍ മുഖ്യ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തുന്നതിനും തീരുമാനിച്ചു. കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി തുടങ്ങിയവയുടെ ലൈനുകള്‍ മാറ്റുന്നത് സംബന്ധിച്ച സംയുക്ത പരിശോധന ജൂലൈ മാസത്തില്‍ പൂര്‍ത്തീകരിക്കും.
ആര്‍.ഇ.സി-മലയമ്മ-കൂടത്തായി റോഡിന്റെ വീതി കുറഞ്ഞ ഭാഗങ്ങളില്‍ സ്ഥലം ലഭ്യമാക്കാന്‍ ജനപ്രതിനിധികളുടെ സഹകരണത്തോടെ നടപടി സ്വീകരിക്കും. സംയുക്ത പരിശോധന നടത്തി കല്ലിടല്‍ പ്രവൃത്തി ഉള്‍പ്പെടെയുള്ളവ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് തീരുമാനിച്ചു.
കെട്ടാങ്ങല്‍ ജംഗ്ഷനില്‍ കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ഡ്രെയിനേജ് വര്‍ക്ക് പുനരാരംഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ റോഡ് പ്രവര്‍ത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ എം.എല്‍.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കാരന്തൂര്‍-അരയിടത്തുപാലം റോഡ് പ്രവൃത്തിയുടെ അലൈന്‍മെന്റ് സ്റ്റോണ്‍ സ്ഥാപിക്കല്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച് ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചു.
കൊടുവള്ളി നഗരസഭ ചെയര്‍മാന്‍ വെള്ളറ അബ്ദു, ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കല്‍ ഗഫൂര്‍, മാവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മര്‍, ഓമശ്ശേരി പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സൈനുദ്ദീന്‍, ലാന്റ് അക്വിസിഷന്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ റെജി ജേക്കബ്, കെ.ആര്‍.എഫ്.ബി എക്‌സി. എന്‍ജിനീയര്‍ എസ്.ആര്‍.അനിതകുമാരി, കെ.എസ്.ഇ.ബി അസി. എന്‍ജിനീയര്‍മാരായ ഒ.പുഷ്പന്‍, പി.ടി.സതീഷ് കുമാര്‍, കെ.ആര്‍.എഫ്.ബി അസി. എന്‍ജിനീയര്‍മാരായ ഇ. മുഹസിന്‍ അമീന്‍, എന്‍.എം.സല്‍മാന്‍, അസി.എന്‍ജിനീയര്‍ യു.കെ.സത്യന്‍, എം.സുഷമ തുടങ്ങിയവര്‍ സംസാരിച്ചു.