മിഠായിത്തെരുവിൽ ഇന്ന് മുതൽ വഴിയോര കച്ചവടം നടത്തിയാൽ കേസ്; നടപടി കടുപ്പിച്ച് പൊലീസ്

Pic courtesy to Nousha_d


കോഴിക്കോട് മിഠായിത്തെരുവിൽ വഴിയോര കച്ചവടം അനുവദിക്കില്ലെന്ന് പൊലീസ്. ഇന്ന് മുതൽ വഴിയോര കച്ചവടം നടത്തിയാൽ കേസെടുക്കും. വഴിയോര കച്ചവടക്കാർക്ക് മുൻപിൽ ജനക്കൂട്ടം ഉണ്ടാകുന്നത് തടയാനാണ് നടപടി. ഇന്നലെ വ്യാപാരം നടത്തിയവരോട് സാധനങ്ങൾ നീക്കം ചെയ്യാനും നിർദേശം നൽകിയിരുന്നു.

പെരുന്നാൾ പ്രമാണിച്ച് പ്രഖ്യാപിച്ച ഇളവുകൾ ജനം ആഘോഷമാക്കാതിരിക്കാൻ കടുത്ത നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. കോഴിക്കോട് വിവിധയിടങ്ങളിൽ ഇന്നലെ തിരക്ക് പ്രകടമായി. തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി കടകളിൽ നൂറ് സ്‌ക്വയർ ഫീറ്റിൽ മൂന്ന് പേർ എന്ന നിലയിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ആളുകൾ കൂട്ടമായി എത്തിയാൽ നിയന്ത്രിക്കാൻ കടയുടെ ഷട്ടർ ഭാഗികമായി അടയ്ക്കുകയും ചെയ്തിരുന്നു. നിശ്ചിത ഇടവേളകളിൽ പൊലീസിന്റെ അനൗൺസ്‌മെന്റുമുണ്ടായി. വരുംദിവസങ്ങളിലും തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മിഠായിത്തെരുവിൽ വഴിയോരക്കച്ചവടത്തിന് കർശന നിയന്ത്രണമേർപ്പെടുത്തിയത്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് മിഠായിത്തെരുവിൽ 14 കടകൾക്കെതിരെയും 56 പേർക്കെതിരെയും ഇന്നലെ കേസെടുത്തിട്ടുണ്ട്.
Previous Post Next Post