കോഴിക്കോട്: സ്വകാര്യ പങ്കാളിത്തത്തോടെ റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതി ഇഴഞ്ഞു നീങ്ങുന്നു. രാജ്യത്തെ 23 റെയിൽവേ സ്റ്റേഷനുകളാണ് ഈ പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിൽ നിന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ മാത്രമാണ് പട്ടികയിൽ ഇടംപിടിച്ചത്. 2017 ഫെബ്രുവരി 8ന് ആണ് നടപടികൾക്കു തുടക്കമിട്ടത്. ഇക്കൂട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഗുജറാത്ത് ഗാന്ധിനഗർ സ്റ്റേഷന്റെ നവീകരണം പൂർത്തീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഗാന്ധിനഗർ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.
റെയിൽവേ സ്റ്റേഷനു മുകളിൽ പഞ്ചനക്ഷത്ര ഹോട്ടൽ വരെ അവിടെ നിർമിച്ചിട്ടുണ്ട്. വിമാനത്താവള മാതൃകയിൽ യാത്രക്കാർക്കു സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതാണു പദ്ധതി. ആധുനിക സൗകര്യങ്ങളൊരുക്കി വാണിജ്യസാധ്യതകളും ഉപയോഗപ്പെടുത്തും. ഇതിനായി കോഴിക്കോട്ട് റെയിൽവേയുടെ കൈവശമുള്ള 4.4 ഏക്കർ സ്ഥലം ടെൻഡർ ലഭിക്കുന്ന കമ്പനിക്ക് 45 വർഷത്തേക്കു ലീസിനു നൽകും.
സ്വിസ് ചാലഞ്ച് മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതനുസരിച്ച് ആദ്യം ടെൻഡർ നേടുന്ന കമ്പനി ഡിസൈൻ സമർപ്പിക്കണം. ഇതു റെയിൽവേ അംഗീകരിച്ച ശേഷം പൊതുസമൂഹത്തിൽ നിന്നും മറ്റും ആശയങ്ങൾ ക്ഷണിക്കും. ഇതിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നതിനെ അടിസ്ഥാനപ്പെടുത്തി ഡിപിആർ തയാറാക്കും. പിന്നീട് പദ്ധതി നടപ്പാക്കാനുള്ള ടെൻഡറും വിളിക്കും.
Tags:
Railway