സിക വൈറസ് ബാധക്കെതിരെ ജാഗ്രത പാലിക്കണം



സംസ്ഥാനത്ത് സിക വൈറസ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ പോലെ ഈഡിസ് കൊതുകുകള്‍ പരത്തുന്ന മറ്റൊരു പകര്‍ച്ച വ്യാധിയാണ് സിക. പനി, തലവേദന, ശരീര വേദന, സന്ധി വേദന, തൊലിപ്പുറത്തുണ്ടാകുന്ന ചെറിയ പാടുകള്‍, ശരീരത്തില്‍ തിണര്‍പ്പ്, കണ്ണ് ചുവക്കല്‍ തുടങ്ങിയവയാണ് സാധാരണ കണ്ടു വരുന്ന ലക്ഷണങ്ങള്‍. ഈ രോഗം ബാധിച്ച ഗര്‍ഭിണികള്‍ക്ക് പിറക്കുന്ന നവജാത ശിശുക്കള്‍ക്ക് ചെറിയ തലയും (മൈക്രോ സെഫാലി)  രോഗബാധിതരില്‍ ചിലരില്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോമും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

രോഗാണു ബാധിച്ച ഈഡിസ് കൊതുകുകള്‍ മനുഷ്യരെ കടിക്കുന്നത് വഴിയാണ് രോഗം പകരുന്നത്. രോഗബാധിതരായ വ്യക്തികളില്‍ നിന്നും രക്തം സ്വീകരിക്കുക വഴിയോ ലൈംഗിക ബന്ധത്തിലൂടെയോ പകരാനും സാധ്യതയുണ്ട്. സിക വൈറസ് ബാധക്കെതിരെ വാക്സിനേഷനോ പ്രത്യേക ചികിത്സയോ ഇല്ലാത്തതിനാല്‍ രോഗ പ്രതിരോധവും രോഗം പകരാതിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കലുമാണ് പ്രധാനം. ഈഡിസ് കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ് കടിക്കുന്നത്. പകല്‍ സമയത്ത് കൊതുകുകള്‍ കടിക്കാതിരിക്കുന്നതിനുള്ള വ്യക്തിഗത സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണം.  കൊതുകുകളുടെ ഉറവിട നശീകരണം രോഗ പ്രതിരോധത്തില്‍ ഏറ്റവും പ്രധാനമാണ്. നമ്മുടെ ചുറ്റുപാടുകളിലുള്ള ചിരട്ട, പ്ലാസ്റ്റിക് കവറുകളും പാത്രങ്ങളും, ചെടിച്ചട്ടികള്‍, ടയര്‍, കമുകിന്‍ പാള വീട്ടിനുള്ളിലെ ഫ്രിഡ്ജിന്റെ ട്രേ, കൂളര്‍, ഇന്‍ഡോര്‍ ചെടിച്ചട്ടികള്‍ മുതലായവയില്‍ വെള്ളം കെട്ടിക്കിടക്കുകയും  ഈഡിസ് കൊതുകുകള്‍ മുട്ടയിട്ട് പെരുകാന്‍ കാരണമാകുകയും ചെയ്യുന്നു. ഉറവിട നശീകരണത്തിനായി എല്ലാവരും എല്ലാ ഞായറാഴ്ചയും ഡ്രൈ ഡേ ആചരിക്കണം. രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ കഴിയുന്നത്ര ഒഴിവാക്കുകയോ മാറ്റി വയ്ക്കുകയോ ചെയ്യണം. കൊതുകുകളുടെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്താന്‍ എല്ലാ വാര്‍ഡ് തല ആര്‍ആര്‍ടി കള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ എത്രയും പെട്ടെന്ന് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ പരിശോധനക്ക് വിധേയമാകണം. കോവിഡിനോടൊപ്പം മറ്റു പകര്‍ച്ച വ്യാധികളെ കൂടി പ്രതിരോധിക്കാന്‍ പൊതുജനങ്ങളുടെ സഹകരണവും പങ്കാളിത്തവുമുണ്ടാകണമെന്ന് ഡിഎംഒ അഭ്യര്‍ത്ഥിച്ചു.
Previous Post Next Post