കോടഞ്ചേരി: സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ജലവൈദ്യുത പദ്ധതികൾ കേരളത്തിന് കരുത്തേകുമെന്ന് സംസ്ഥാന വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി. കോടഞ്ചേരിയിൽ ആനക്കാംപൊയിൽ ചെറുകിട ജലവൈദ്യുതപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെറുകിട ജലവൈദ്യുത പദ്ധതികൾ കൂടുതൽ ആരംഭിക്കുന്നതോടെ കുറഞ്ഞ വിലയിൽ വൈദ്യുതി നൽകാനാകുമെന്നും ഇതുവഴി സംസഥാനത്ത് കൂടുതൽ വ്യവസായങ്ങൾ എത്താൻ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതിക്ക് കേടുപറ്റാതെയുള്ള വികസനങ്ങൾ പോലും ചിലർ തടസ്സപ്പെടുത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അത്തരക്കാരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവമ്പാടി എം.എൽ.എ. ലിൻന്റോ ജോസഫ് അധ്യക്ഷനായി. അലക്സ് തോമസ് ചെമ്പകശ്ശേരി, വി.പി. ഷാഹുൽ ഹമീദ്, എം. ബാലകൃഷ്ണൻ, ആർ. ഹരികുമാർ, ഗിരീഷ് കുമാർ, സി.എം. അനിൽ കുമാർ എന്നിവർ സംസാരിച്ചു.
81 കോടി രൂപ ചെലവഴിച്ച് നിർമിച്ച പദ്ധതിയിൽനിന്ന് 8 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. വർഷത്തിൽ 24 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്ന് പദ്ധതി കോ-ഓർഡിനേറ്റർ വി.പി. ഷാഹുൽ ഹമീദ് അറിയിച്ചു. 2017-ൽ പതങ്കയത്ത് പ്രവർത്തനമാരംഭിച്ച 8 മെഗാവാട്ട് പദ്ധതി അടക്കം ഇരുവഞ്ഞി പ്പുഴയോരത്തെ രണ്ടാമത്തെ ചെറുകിട വൈദ്യുത പദ്ധതിയാണ് തിങ്കളാഴ്ച നാടിന് സമർപ്പിച്ചത്.
Tags:
Electricity