Pic courtesy: Asianet News
കോഴിക്കോട്: ലഹരി വസ്തുക്കളുമായി രണ്ടുപേര്‍ പിടിയില്‍. മാങ്കാവില്‍ സ്വകാര്യ ആശുപത്രിക്കു സമീപത്തെ ഫ്‌ലാറ്റില്‍നിന്നു 25 ഗ്രാം മാരക ലഹരിമരുന്നുമായി കരുവന്‍തിരുത്തി സ്വദേശിനി റജീനയെ (38) പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് സംഘം അറസ്റ്റ് ചെയ്തു. 4 ഗ്രാം ലഹരി മരുന്നുമായി ചാലിയം സ്വദേശി മുഷാഹിദിനെ (32) പരപ്പനങ്ങാടിയില്‍ നിന്ന് എക്‌സൈസ് സംഘം പിടികൂടിയിരുന്നു.
മുഷാഹിദില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം മാങ്കാവിലെത്തി റജീനയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവര്‍ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി ലഹരിമരുന്നു കച്ചവടം നടത്തിയിരുന്നതായും നഗരം കേന്ദ്രീകരിച്ച് ലഹരിമരുന്നു വില്‍ക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്നു എക്‌സൈസ് സംഘം പറഞ്ഞു. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ഇന്‍സ്‌പെക്ടര്‍ സാബു ആര്‍. ചന്ദ്രയുടെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ ടി. പ്രജോഷ് കുമാര്‍, കെ. പ്രദീപ് കുമാര്‍, ഉമ്മര്‍കുട്ടി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ നിതിന്‍ ചോമാരി, ദിദിന്‍, അരുണ്‍, ജയകൃഷ്ണന്‍, പി.ബി. വിനീഷ്, ശിഹാബുദ്ദീന്‍, കെ. സ്മിത, എം. ശ്രീജ, ഡ്രൈവര്‍ വിനോദ് കുമാര്‍ എന്നിവരാണ് പരിശോധന നടത്തിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.