ഞായറാഴ്ച ലോക്ഡൗൺ പുന:സ്ഥാപിച്ചു; കർശന പരിശോധനയ്ക്ക് നിർദ്ദേശം.തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗൺ പുന:സ്ഥാപിച്ചു. കഴിഞ്ഞ രണ്ടാഴ്ചകളായി സംസ്ഥാനത്ത് ഞായറാഴ്ചത്തെ ലോക്ഡൗൺ ഒഴിവാക്കിയിരുന്നു. സ്വാതന്ത്ര്യ ദിനത്തിലും മൂന്നാം ഓണത്തിനുമാണ് ലോക് ഡൗൺ ഒഴിവാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ലോക്ഡൗൺ പുനസ്ഥാപിക്കാൻ തീരുമാനിച്ചത്.

അതേസമയം സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകില്ല. എന്നാൽ നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കും. കടകൾക്കും പൊതുസ്ഥലങ്ങളിലും നൽകിയിരുന്ന ഇളവുകൾ അതുപോലെ തുടരും. ആൾക്കൂട്ടം ഉണ്ടാകുന്നില്ല, നിലവിലെ നിയന്ത്രണങ്ങൾ ലംഘിക്കപ്പെടുന്നില്ല എന്നത് ഉറപ്പാക്കാനുള്ള കർശന പരിശോധനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

അടുത്ത ഞായറാഴ്ച മുതൽ എല്ലാ ഞായറാഴ്ചകളിലും സംസ്ഥാനത്ത് ലോക്ഡൗൺ തന്നെ ആയിരിക്കും. നിലവിലെ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുക എന്ന പൊതു തീരുമാനമാണ് അവലോകന യോഗത്തിൽ കൈക്കൊണ്ടിരിക്കുന്നത്. ആരോഗ്യവകുപ്പ് നേരത്തെ നിർദ്ദേശിച്ചത് പോലെ വാക്സിനേഷൻ വർധിപ്പിക്കുക, പരിശോധന വർധിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ കൊവിഡ് അവലോകന യോഗത്തിൽ ചർച്ച ചെയ്തു. നിലവിലെ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കിക്കൊണ്ട് കൊവിഡ് വ്യാപനം ഒഴിവാക്കാനുള്ള ശ്രദ്ധപുലർത്തണമെന്നുള്ള നിർദ്ദേശം കൂടി വകുപ്പുകൾക്ക് നൽകി.
Previous Post Next Post