കരിപ്പൂർ:കരിപ്പൂർ വിമാനപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ. ഒരു വർഷം പിന്നിട്ടിട്ടും ഗുരുതര പരുക്കുകളെ തുടർന്ന് ചികിത്സ തുടരുന്നവരാണ് ഇതോടെ പ്രതിസന്ധിയിലായത്. ഇനിയെന്ത് ചെയ്യണമെന്നറിയാത ആശങ്കയിലാണ് അപകടത്തിൽ പരുക്കേറ്റ പൊന്നാനി സ്വദേശി ഷരീഫ്, പൊട്ടിയ കാലിന് സർജറിയടക്കം നിരവധി ചികിത്സ ശരീഫിന് ഇനിയും ബാക്കിയുണ്ട്.
വിമാന ദുരന്തത്തിൽ പൊന്നാനി സ്വദേശി ഷെരീഫിന് ജീവൻ തിരിച്ചു കിട്ടിയെങ്കിലും ജീവിതം തീർത്തും ദുരിതത്തിലായി. കാലിനും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ ഷരീഫ്, ഒരു വർഷമായി ചികിത്സ തുടരുകയാണ്. ശസ്‌ത്രക്രിയകൾ പലത് കഴിഞ്ഞു.
പക്ഷേ കമ്പികളിട്ട കാൽ ഇനിയും നിലത്തു കുത്താനായിട്ടില്ല. കാലിന് ഇനി സ്വാധീനമുണ്ടാകില്ലെന്ന് ഡോക്ടർമാർ വിധി എഴുതിയതാണ്. ഇതിനിടയിലാണ്, ആശുപത്രി ചിലവുകൾ വഹിച്ചിരുന്ന എയർ ഇന്ത്യ കൈയൊഴിഞ്ഞത്. അതിന്റെ ഞെട്ടലിലാണ് ഷരീഫ്.
ഇത് ഷരീഫിന്റെ മാത്രം ദുരിതമല്ല. ദുരന്തത്തിൽ പരുക്കേറ്റ് ഇന്നും ചികിത്സ തുടരുന്ന ഒട്ടേറേ പേരാണ് ആശങ്കയിലായത്. പരുക്കേറ്റ 84 പേർക്കുള്ള നഷ്ടപരിഹാരവും എയർ ഇന്ത്യാ കൈമാറിയിട്ടില്ല. തുക ഉടന്‍ കൈമാറുമെന്നും ഇപ്പോഴത്തേത് സ്വാഭാവിക നടപടിയാണെന്നുമാണ് എയര്‍ ഇന്ത്യ നൽകുന്ന വിശദീകരണം.