സർക്കാർ ഓഫിസുകളുടെ സേവനങ്ങളിൽ തൃപ്തരാണോ...? ഈ ആപ്പിലൂടെ റിവ്യൂ രേഖപ്പെടുത്താം




തിരുവനന്തപുരം:റെസ്റ്റോറന്റുകൾ, ബേക്കറികൾ, ഷോപ്പിംഗ് മാളുകൾ എന്നിവയ്ക്കെല്ലാം നാം റിവ്യൂ അഥവാ നമ്മുടെ അഭിപ്രായം രേഖപ്പെടുത്താറുണ്ട്. ഈ റിവ്യൂകൾ ആശ്രയിച്ചാണ് നാം കടകളും ഹോട്ടലുകളും തെരഞ്ഞെടുക്കുന്നത് പോലും. എന്നാൽ സർക്കാർ ഓഫിസുകളുടെ സേവനത്തിന് ഇത്തരത്തിൽ റിവ്യു നൽകാൻ സാധിച്ചാലോ ? സർക്കാർ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുന്നതിന് ഇത് സഹായകരമാകും. അത്തരമൊരു മൊബൈൽ ആപ്ലിക്കേഷനെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുകയാണ് മുഖയമന്ത്രി പിണറായി വിജയൻ.

ഈ ആപ്പിലൂടെ, പൗരന്മാർക്ക് സർക്കാർ ഓഫീസുകൾ കണ്ടെത്താനും അവിടേക്കു വിളിക്കാനും കഴിയും. അതിന് ശേഷം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അവലോകനങ്ങൾ രേഖപ്പെടുത്താം. ഒന്ന് മുതൽ അഞ്ചു വരെ റേറ്റിങ് നൽകാനും സാധിക്കും.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

പുതിയ കാലത്തിൽ നമ്മളിൽ പലരും റെസ്റ്റോറന്റുകൾ, ബേക്കറികൾ, ഷോപ്പിംഗ് മാളുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലെ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നത് സാധാരണമാണ്. ഓരോരുത്തരുടെയും അവലോകനങ്ങളും നിർദേശങ്ങളും റേറ്റിങ്ങും ആർക്കും കാണാവുന്ന വിധം പരസ്യവുമാണ്. ഇത് സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സ്ഥാപനങ്ങളെ പ്രചോദിപ്പിക്കുന്നു.

സമാന രീതിയിൽ, സർക്കാർ സേവനങ്ങൾ കൂടുതൽ മികവുറ്റതാക്കാൻ ശ്രമിക്കുകയാണ്. അതിനാണ് സംസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് ഓഫീസുകളിലെ സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്താനും അവലോകനം ചെയ്യാനും സഹായകമായ ‘എന്റെ ജില്ല’ ആപ്പ് ആരംഭിച്ചത്.

ഈ ആപ്പിലൂടെ, പൗരന്മാർക്ക് സർക്കാർ ഓഫീസുകൾ കണ്ടെത്താനും അവിടേക്കു വിളിക്കാനും കഴിയും. അതിന് ശേഷം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അവലോകനങ്ങൾ രേഖപ്പെടുത്താം. ഒന്ന് മുതൽ അഞ്ചു വരെ റേറ്റിങ് നൽകാനും സാധിക്കും. രേഖപ്പെടുത്തുന്ന അവലോകനം പരസ്യമായിരിക്കും. അതിനാൽ നിങ്ങളുടെ അഭിപ്രായങ്ങൾ നല്ല പ്രകടനം നടത്തുന്നവർക്ക് പ്രചോദനമാകും. മറ്റുള്ളവരെ കൂടുതൽ ഉത്തരവാദിത്ത ബോധമുള്ളവരാക്കും.

അവലോകനങ്ങൾ നിരീക്ഷിക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിന് മേൽനോട്ടം വഹിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ‘എന്റെ ജില്ല’ ആപ്പ് ഡൗൺലോഡ് ചെയ്യുക, മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് പൊതു സേവനങ്ങളുമായി ബന്ധപ്പെടാനും അവലോകനം ചെയ്യാനും ആരംഭിക്കുക. മൊബൈൽ നമ്പർ സുരക്ഷിതമായിരിക്കും. ഉപഭോക്താവിന് സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം എന്ന് താല്പര്യം ഉണ്ടെങ്കിൽ മാത്രമേ അത് വെളിപ്പെടുത്തൂ. താഴെ കാണുന്ന ലിങ്കിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം.

Previous Post Next Post