കോഴിക്കോട്:ജില്ലയില്‍ ജലഗുണനിലവാര പരിശോധന ലാബുകളുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക് കടന്നു.
ഹയര്‍ സെക്കണ്ടറി സ്‌ക്കൂളുകളിലെ കെമിസ്ട്രി ലാബുകള്‍ പ്രയോജനപ്പെടുത്തി ഹരിത കേരളം മിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ എംഎല്‍എമാരുടെ പ്രത്യേക വികസന നിധിയില്‍ നിന്നും തുക ചെലവഴിച്ചാണ് ഓരോ മണ്ഡലത്തിലും ജലഗുണനിലവാര പരിശോധന ലാബുകള്‍ നിര്‍മ്മിക്കുന്നത്.
ബേപ്പൂര്‍, കോഴിക്കോട് സൗത്ത്, കുന്ദമംഗലം, കൊയിലാണ്ടി മണ്ഡലങ്ങളിലായി 12 ലാബുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ബേപ്പൂര്‍ മണ്ഡലത്തില്‍ രാമനാട്ടുകര സേവാമന്ദിര്‍ പോസ്റ്റ് ബേസിക് ഹയര്‍ സെക്കണ്ടറി, ഫറോക്ക് ഗവ.ഗണപത് ഹയര്‍സെക്കണ്ടറി, കടലുണ്ടി സി.എം ഹയര്‍സെക്കണ്ടറി, ചെറുവണ്ണൂര്‍ ജി.എച്ച്.എസ്.എസ് എന്നീ സ്‌ക്കൂളുകളിലും, കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മീഞ്ചന്ത ജി.വി.എച്ച്.എസ്.എസ്, ആഴ്ചവട്ടം ജി.എച്ച്.എസ്.എസ്, കുറ്റിച്ചിറ ജി.എച്ച്.എസ്.എസ്, മെഡിക്കല്‍ കോളേജ് ക്യാമ്പസ് ജി.എച്ച്.എസ്.എസ് സ്‌കൂളുകളിലും കുന്ദമംഗലം മണ്ഡലത്തില്‍ കുന്ദമംഗലം ജി.എച്ച്.എസ്.എസ്, ഇരിങ്ങല്ലൂര്‍ ജി.എച്ച്.എസ്.എസ്, എന്നീ സ്‌കൂളുകളിലും കൊയിലാണ്ടി മണ്ഡലത്തില്‍ പയ്യോളി ജി.വി.എച്ച്.എസ്.എസ്, കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്, എന്നീ സ്‌കൂളുകളിലാണ് ലാബുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. സ്‌കൂളുകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടുകൂടി പൊതുജനങ്ങള്‍ക്ക് ലാബുകളുടെ സേവനം ലഭ്യമാകും.
തിരുവമ്പാടി മണ്ഡലത്തില്‍ രണ്ട്, ബാലുശ്ശേരി മണ്ഡലത്തില്‍ അഞ്ച്, പേരാമ്പ്ര മണ്ഡലത്തില്‍ പത്ത്, നാദാപുരം മണ്ഡലത്തില്‍ ആറ് വീതം സ്‌കൂളുകളില്‍ ജലഗുണനിലവാര പരിശോധന ലാബ് സ്ഥാപിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. ഇവ കൂടി പൂര്‍ത്തീകരിക്കുമ്പോള്‍ ജില്ലയില്‍ ആകെ 35 ജലഗുണനിലവാര പരിശോധനാ ലാബുകള്‍ ഒരുങ്ങും.
മലിനജലത്തിന്റെ ഉപയോഗമാണ് ജലജന്യരോഗങ്ങളുടെ മുഖ്യ കാരണം. ശുദ്ധവും സുരക്ഷിതവുമായ ജലം ഉപയോഗിക്കുന്ന സ്ഥിതിവന്നാല്‍ ജലജന്യ രോഗങ്ങളുടെ വ്യാപനം തടയാനാകും. ഈ സാഹചര്യത്തിലാണ് കുറഞ്ഞ നിരക്കില്‍ പ്രാഥമികതല ജലഗുണനിലവാര പരിശോധനക്കുള്ള സൗകര്യം പ്രാദേശികമായിത്തന്നെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചത്. സ്‌കൂള്‍ ലാബുകള്‍ പ്രയോജനപ്പെടുത്തി ജലഗുണനിലവാര പരിശോധനയില്‍ കുട്ടികളെക്കൂടി പങ്കാളികളാക്കുന്നതിലൂടെ കുടിവെള്ള ഗുണനിലവാര പരിശോധനയുടേയും പരിഹാര പ്രവര്‍ത്തനങ്ങളുടേയും ആവശ്യകത സമൂഹത്തില്‍ പ്രചരിപ്പിക്കുന്ന സന്ദേശവാഹകരായി അവരെ മാറ്റാമെന്നുമാണ് ലക്ഷ്യം വെക്കുന്നത്.
ഒരു തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ ഒന്ന് എന്ന തോതില്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്ന ജല ഗുണനിലവാര പ്രാഥമിക പരിശോധനാ ലാബുകള്‍ ജലസംരക്ഷണ മേഖലയില്‍ സര്‍ക്കാരിന്റെ വാഗ്ദാന പൂര്‍ത്തീകരണം കൂടിയാണ്. ജലശുദ്ധിയുമായി ബന്ധപ്പെട്ട് ഈ ലാബുകളില്‍ പ്രധാനമായും പരിശോധിക്കുന്നത് ജലത്തിന്റെ നിറം, ഗന്ധം, പി.എച്ച് മൂല്യം, വൈദ്യുത ചാലകത, ലവണ സാന്നിദ്ധ്യം, ലയിച്ചു ചേര്‍ന്നിട്ടുള്ള ഖര പദാര്‍ത്ഥങ്ങളുടെ അളവ്, നൈട്രേറ്റിന്റെ അളവ്, അമോണിയയുടെ അളവ്, കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം എന്നിവയാണ്.
Tags:
School